ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെകുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർചകള്‍ നടത്തുന്നത്. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല.
തലാലിന്റെ സ്വദേശമായ ഉത്തര യമനിലെ ദമാറിലാണ് ചർച്ച. ഉമർ ഹഫീളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്ന രീതിയില്‍ തലാലിന്റെ കുടംബത്തെക്കൊണ്ട് മാപ്പ് നൽകിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇതിന് മുന്നോടിയായ വധ ശിക്ഷ വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടത്തുമെന്നാണ് പുറത്തുവന്ന വിവരം.