ഭുവനേശ്വര്‍: അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഇന്നലെ രാത്രി 11.46 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ആണ് ഇക്കാര്യം അറിയിച്ചത്. ഭൂവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളേജിലെ രണ്ടാം വർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി ചരണ്‍ മാജി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാഷ്ട്രപത്രി ദ്രൗപതി മുര്‍മു ആശുപത്രിയില്‍ എത്തി വിദ്യാര്‍ത്ഥിനിയെ കണ്ടിരുന്നു. പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ദേശം നല്‍കിയായിരുന്നു രാഷ്ട്രപതി മടങ്ങിയത്. വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ സഹപാഠിയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അക്കാദമിക് റെക്കോര്‍ഡ് കുഴപ്പത്തിലാക്കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടര്‍ച്ചയായതോടെ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ആഭ്യന്തര പരാതി പരിഹാര സമിതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ആരോപണ വിധേയനായ അസിസ്റ്റൻറ് പ്രഫസർ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകനെതിരെ പരാതി നൽകിയിട്ടും കോളജ് അധികൃതർ നടപടിയെടുക്കാതെ വന്നതോടെയാണ് വിദ്യാർഥിനെ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അധ്യാപകനെതിരെ പരാതി ഉയർന്നതോടെ ഈ മാസം ഒന്നു മുതൽ കോളജിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം ബാലാസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ നില ഗുരുതരമായതോടെ ഭുബനേശ്വർ എയിംസിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉന്നത സമിതിയെ രൂപീകരിച്ചിരുന്നു. വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാർഥിയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.