കൊല്ലം: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. വിപഞ്ചികയുടെ അമ്മയും സഹോദരനും നേരി്ട്ട് ഷാർജ പൊലീസിനെ സമീപിക്കും. ഇതിനായി അമ്മ ഇന്ന് പുലർച്ചെ യുഎഇയിലെത്തി. സഹോദരൻ ഇന്ന് വൈകിട്ടോടെ ദുബായിലെത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.
അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറൽ എസ് പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി.നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷവാങ്ങി നൽകാൻ ഏതറ്റംവരെയും പോകുമെന്ന് അമ്മ ഷൈലജ പറഞ്ഞു.
അതേസമയം വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന് പിതാവ് നിധീഷ് ആവശ്യപ്പെട്ടതിനാൽ, വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.