Kerala

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

താത്ക്കാലിക വിസി നിയമനത്തിൽ അപ്പീൽ നൽകാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. നാളെ സുപ്രീംകോടതിയെ സമീപിച്ചേക്കും. തീരുമാനം വരുന്നത് വരെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ നിയമിക്കില്ല. ഗവർണർ നിയമിച്ച രണ്ട് താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിയമനം തള്ളിയ സാഹചര്യത്തിൽ അപ്പീൽ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് നിയമോപദേശം തേടാൻ തീരുമാനിച്ചത്.

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിസിമാര്‍ സര്‍വകലാശാലാ താത്പര്യം സംരക്ഷിക്കണം. താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണ്. താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ല. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

താത്ക്കാലിക വിസി നിയമനത്തിൽ ചാൻസലർക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നും വിസി നിയമനം സർക്കാർ ശുപാർശ അനുസരിച്ച് തന്നെ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ ശുപാർശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധിയെന്നും ഹൈക്കോടതി ഗവർണ്ണറെ ഓർമ്മിപ്പിച്ചു. സർവകലാശാലാ കാര്യങ്ങളിലെ കാവൽക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സർവകലാശാലാ താത്പര്യമല്ലെന്നും ഹൈക്കോടതിയുടെ വിധിയിൽ വ്യക്തമാക്കി.