കുഞ്ഞൻമാരെങ്കിലും മൂട്ടകൾ അത്ര നിസാരക്കാരല്ല. വീടിനുള്ളിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചിരുന്ന് അവ പെറ്റുപെരുകും. മൂട്ട ശല്യം ഉണ്ടെങ്കിൽ അവ കുറയ്ക്കാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.
കഠിനമായി ചൂടുള്ളതോ അല്ലെങ്കിൽ വരണ്ടതോ ആയ കാലാവസ്ഥയിലും കിടക്കകളും കർട്ടനുകളും വസ്ത്രങ്ങളും കഴുകി ഉണക്കാം. കിടക്ക, സോഫ, മുറിയുടെ കോണുകൾ, ബേസ്ബോർഡുകൾ എന്നിവ വാക്വം ചെയ്യാം. വീടിനകം വൃത്തിയോടെയും അടുക്കും ചിട്ടയോടും കൂടിയും സൂക്ഷിക്കുന്നത് ഇവയെ തടയാൻ സഹായിക്കും.
ചുമരിനോട് ചേർത്ത് കട്ടിലും കിടക്കയും വയ്ക്കരുത്. കട്ടിലിൻ്റെ കാലുകളിൽ ഇൻ്റർസെപ്റ്ററുകൾ വയ്ക്കാം. ഇവ കട്ടിലിനു മുകളിലേയ്ക്ക് കയറുന്ന മൂട്ടയെ കുടുക്കാൻ സഹായിക്കും. ഉപയോഗിക്കുന്ന പുതപ്പ് തറയിൽ തൊടാൻ അനുവദിക്കരുത്.
കോണുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലുമാണ് മൂട്ടകൾ ഒളിച്ചിരിക്കാറുള്ളത്. ഉയർന്ന താപനില അവയ്ക്ക് അനുയോജ്യമല്ല. അതിനാൽ സ്റ്റീം ക്ലീനർ ഉപയോഗിച്ച് എല്ലാ ഇടങ്ങളും വൃത്തിയാക്കാം. വിണ്ടുകീറിയ ചുമരിലും തറയിലും ഡയറ്റോമേഷ്യസ് എർത്ത് വിതറാം.
കിടക്കകൾ ബെഡ് പ്രൂഫ് എൻകേസ്മെൻ്റ് ഉപയോഗിച്ച് നന്നായി സീൽ ചെയ്തു സൂക്ഷിക്കാം. ചുമരിലും ഫർണീച്ചറിലും ഉള്ള വിള്ളലുകൾ ഏതുവിധേനയും അടയ്ക്കാം.