കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ മുന്‍മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.സി ജോസഫ് ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
അങ്ങ് യു എസില്‍ നിന്നും ചികിത്സ കഴിഞ്ഞ് ഇന്ന് മടങ്ങിയെത്തും എന്നുള്ള വാര്‍ത്ത വായിക്കാന്‍ ഇടയായി. അതുകൊണ്ടാണ് ഞാനീ കത്ത് അയക്കുന്നത്. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളുടെ ദുരവസ്ഥ അങ്ങയുടെ ശ്രദ്ധയിലും പെട്ടുകാണുമെന്നറിയാം . കേരളത്തില്‍ ആകെയുള്ള 14 യൂണിവേഴ്‌സിറ്റികളില്‍ 12 ലും താല്‍ക്കാലിക വി സി മാരാണ് ഇപ്പോള്‍ ഭരണനിര്‍വ്വഹണം നടത്തുന്നത്. ഇന്നലെത്തെ ഹൈക്കോടതി വിധിയോടുകൂടി രണ്ട് താല്‍ക്കാലിക വി സി മാരുടെ നിയമനം കൂടി അസാധുവായിക്കഴിഞ്ഞു. ഇതിനു പുറമേ മറ്റ് എട്ട് യൂണിവേഴ്‌സിറ്റികളിലും പരമാവധിയുള്ള ആറുമാസ കാലാവധി പിന്നിട്ട വി സി മാരാണ് ഇപ്പോഴും ചുമതലയില്‍ ഇരിക്കുന്നത്.
ഫലത്തില്‍ പത്ത് യൂണിവേഴ്‌സിറ്റികളിലും ഒരു നാഥനില്ലാത്ത അവസ്ഥയാണ്. ഇതിനു പുറമേയാണ് ഭാരതാംബ വിവാദത്തെ ചൊല്ലി ഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷങ്ങള്‍. ബഹു ഗവര്‍ണറുടെ നടപടിയും നീക്കങ്ങളും ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. അദ്ദേഹം ആര്‍ എസ് എസിന്റെ കേരളത്തിലെ ചുമതല ഏറ്റെടുത്തു എന്ന് തോന്നിക്കുന്ന രീതിയിലുള്ള നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത് ഭരണഘടനാ തലവനെന്ന ആ വലിയ പദവിക്ക് ഒരിക്കലും അനുയോജ്യമായ നിലപാടല്ല എന്ന അഭിപ്രായമാണ് എനിക്കും ഉള്ളത്. പക്ഷെ അതുകൊണ്ട് പ്രശ്‌നം തീരുന്നില്ലല്ലോ.
വി സി – റജിസ്ട്രാര്‍ തര്‍ക്കം മൂലം ഏതാണ്ട് രണ്ടായിരത്തോളം ഫയലുകള്‍ യൂണിവേഴ്‌സിറ്റിയില്‍ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്. വൈസ് ചാന്‍സലര്‍ ഒപ്പിടേണ്ട വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. അതുപോലെ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രജിസ്ട്രാര്‍ ഒപ്പിടേണ്ട മറ്റ് നിരവധി രേഖകളും ഇപ്പോള്‍ തടഞ്ഞുവച്ചിരിക്കയാണ്. എത്രയോ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതു കൊണ്ട് അപകടത്തിലാകാന്‍ പോകുന്നത്. ഈ സ്തംഭനാവസ്ഥ തുടര്‍ന്നാല്‍ ഉന്നത വിദ്യാഭ്യാസമേഖല നേരിടാന്‍ പോകുന്ന അതിഗുരുതരമായ അവസ്ഥയെപ്പറ്റി അങ്ങയ്ക്കും ബോധ്യമുണ്ടാകുമല്ലോ. തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി ലോകത്തെ അതിപ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയായിരുന്നു.
ഒരവസരത്തില്‍ ലോക പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറാക്കുവാന്‍ ക്ഷണിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. അത്രയും വലിയ പാരമ്പര്യമുള്ള ഒരു മാതൃ യൂണിവേഴ്‌സിറ്റിയുടെ ഇപ്പോഴത്തെ രൂപമായ കേരള യൂണിവേഴ്‌സിറ്റി ഇന്ന് നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റാരേക്കാളും ഉത്തരവാദിത്വം അങ്ങേക്കാണെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനീ കത്തയക്കുന്നത്. അധികാര തര്‍ക്കങ്ങളും വലിയേട്ടന്‍ മനോഭാവവും ഈവിഷയത്തില്‍ നമുക്ക് മാറ്റിവയ്ക്കാം. ദുരഭിമാനത്തിന്റെ പേരില്‍ ഇനിയും ഗവര്‍ണരും ഗവണ്‍മെന്റും രണ്ടു തട്ടില്‍ പോകാനാണ് തീരുമാനമെങ്കില്‍ ഈ പ്രതിസന്ധി പരിഹരിക്കുവാന്‍ ഒരാളില്ലാത്ത ദയനീയ അവസ്ഥ ഉണ്ടാകും.
ഇന്നത്തെ നിലയ്ക്ക് കോടതികള്‍ക്ക് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കുകയുമില്ലല്ലോ തീര്‍ച്ചയായും ഉത്തരവാദിത്വം ഭരണത്തലവന്‍ എന്ന നിലയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. ദയവായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിയെ കരുതി യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാര്‍സലര്‍മാര്‍ ഇല്ലാത്ത ദുരവസ്ഥയും അതുപോലെ കേരള യൂണിവേഴ്‌സിറ്റിയിലെ അധികാര തര്‍ക്കങ്ങളും പരിഹരിക്കാന്‍ അങ്ങ് ഇടപെടണമെന്ന് വിനയപൂര്‍വ്വം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ ഈ വിഷയം അപരിഹാര്യമായി മുന്നോട്ട് പോകുമെന്നും അതുമൂലം ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ഗവര്‍ണ്ണര്‍ക്കും സംസ്ഥാന ഗവണ്‍മെന്റിനും തന്നെയാണെന്നും പറയട്ടെ.
അങ്ങയ്ക്ക് ഗവര്‍ണറുമായി വളരെ നല്ല ബന്ധമാണ് ഉള്ളതെതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തീര്‍ച്ചയായും അത് ഉപയോഗിക്കാന്‍ അങ്ങ് തയ്യാറാകണം. സംസ്ഥാന ഗവണ്‍മെന്റിന്റെ പിടിവാശിയും മാറണം. ഒപ്പം ഗവര്‍ണറും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അതുകൊണ്ട് അങ്ങ് തന്നെ മുന്‍കൈയെടുത്ത് ഗവര്‍ണറുമായി ചര്‍ച്ചചെയ്ത് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ സി ജോസഫ് അഭ്യര്‍ത്ഥിച്ചു