ലോകത്തിലെ ഏറ്റവും മാരകമായ വിഷ ചിലന്തികളിൽ ഒന്നായ സിഡ്‌നി ഫണൽ-വെബ് ചിലന്തിയുടെ പുതിയ ഇനത്തെ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി. കൂട്ടത്തിലെ ആൺ ചിലന്തിയാണ് കൂടുതൽ അപകടകാരി. മനുഷ്യന്റെ മരണത്തിന് തന്നെ കാരണമായേക്കാവുന്ന വിഷമാണ് ഈ ചിലന്തികളിൽ ഉള്ളത്.
ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ ക്വീൻ വിക്ടോറിയ മ്യൂസിയത്തിലെ ഗവേഷകനായ സൈമൺ ഫേണാണു കണ്ടെത്തൽ നടത്തിയത്. അദ്ദേഹത്തിനോടുള്ള ബഹുമാനാർഥം പുതിയ ചിലന്തിക്ക് ഹാഡ്രോനിചെ സൈമൺഫേണി എന്നാണു പേര് നൽകിയിരിക്കുന്നത്. മൗണ്ട് പാരിസ് ഡാമിന് സമീപം ഗവേഷണത്തിനായി വിട്ടിലുകളെ ശേഖരിക്കാൻ പോയപ്പോഴാണ് ഫേൺ ഈ ചിലന്തിയെ കണ്ടെത്തിയത്. സാധാരണ ഫണൽ വെബ് ചിലന്തികളെക്കാൾ വലുപ്പവും നീളവും കൂടിയതാണ് പുതിയ ചിലന്തിയെന്ന് ഗവേഷകർ അറിയിച്ചു.
ഫണൽ വെബ് ചിലന്തികളിൽ ആൺചിലന്തികൾക്കും പെൺചിലന്തികൾക്കും വിഷമുണ്ടെങ്കിലും ആൺചിലന്തികളുടെ വിഷത്തിലുള്ള ഒരു പ്രത്യേകതരം ന്യൂറോടോക്‌സിൻ ഇവയ്ക്കു തീവ്രത കൂട്ടുന്നു. മനുഷ്യരുൾപ്പെടെ ജീവികളിൽ കടുത്ത വേദന ഉളവാക്കാൻ ഈ വിഷം മതിയാകും. ആൺചിലന്തികളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നിട്ടുള്ളത്.
അട്രാസിഡേ എന്ന കുടുംബത്തിൽപെട്ടവയാണു ഫണൽ വെബ് ചിലന്തികൾ. അട്രാക്സ്, ഹാഡ്രോനിച്ചെ, ഇലവാര എന്നീ ജനുസുകൾ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെല്ലാംകൂടി 35 സ്പീഷീസുകളായിരുന്നു ഇതുവരെ അറിവുള്ളത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സ്ഥിതി ചെയ്യുന്ന ജീവിശാലയായ ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിലുള്ള ഹെംസ്‌വർത്ത് എന്ന ചിലന്തിയാണ് ഫണൽ വെബ് സ്പൈഡറുകളിൽ ഏറ്റവും വലുപ്പമുള്ളത്. 9.2 സെന്റീമീറ്ററാണ് ഇതിന്റെ വിസ്തീർണം. 8 സെന്റിമീറ്റർ വിസ്തീർണമുള്ള ഹെർക്കുലീസ് എന്ന ചിലന്തിയായിരുന്നു ഹെംസ്‌വർത്തിനു മുൻപ് ഈ റെക്കോർഡ് വഹിച്ചിരുന്നത്.
പ്രതിവിഷ ഉൽപാദനത്തിനായി അധികൃതർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചിലന്തിയിനങ്ങളിലൊന്നും ഫണൽ വെബ് സ്‌പൈഡറാണ്. 1981 മുതൽ ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ പ്രതിവിഷ പദ്ധതിയുണ്ട്. ഗ്ലാസ് ഉപരിതലത്തിൽ ചിലന്തികളെക്കൊണ്ട് കടിപ്പിച്ച് അവയിൽ നിന്നു വമിക്കുന്ന വിഷം ശേഖരിക്കുകയാണ് പാർക്ക് അധികൃതർ ചെയ്യുന്നത്.