സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ‘തലൈവൻ തലൈവി’ സിനിമയിലെ പാട്ടുകൾ. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് വിജയ് സേതുപതിയും നിത്യ മേനനും ഒന്നിക്കുന്ന തമിഴ് ചിത്രമായ ‘തലൈവൻ തലൈവി’ യിലെ ഗാനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലേയും യൂട്യൂബിലേയും റീലുകൾ ഇനി ഈ സിനിമയിലെ ഗാനങ്ങൾ ഭരിക്കും.
‘വാടീ എൻ പൊട്ടല മിട്ടായി’ എന്ന ഗാനം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങളും പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ഗാനങ്ങൾ റിലീസ് ചെയ്‌തത്. സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വലിയ ജനശ്രദ്ധയാണ് പാട്ടുകൾക്ക് ലഭിക്കുന്നത്. ദീയും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച ‘ആകാശ വീരൻ’ എന്ന പാട്ട് രണ്ട് ദിവസത്തിനുള്ളിൽ കണ്ടത് ഒരു കോടിയിലധികം ആളുകളാണ്. മെലഡി ഗാനത്തിൽ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും പ്രണയമാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രദീപ് കുമാറിന്റെ ശബ്ദത്തിൽ പാട്ട് കേൾക്കാൻ പ്രത്യേക ഭംഗിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
പാണ്ഡിരാജിന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും നിത്യാ മേനനും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് സത്യ ജ്യോതി ഫിലിംസാണ്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിൽ ഫാമിലി ഡ്രാമയായിലിട്ടാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചെമ്പൻ വിനോദ്, യോഗി ബാബു, ആർ.കെ.സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 25 ന് സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.
ഛായാഗ്രഹണം: എം.സുകുമാർ, ചിത്രസംയോജനം: പ്രദീപ്.ഇ.രാഘവ്, നൃത്ത സംവിധാനം: ബാബു ഭാസ്‌കർ, സംഘട്ടന സംവിധാനം: ക്ലായി കിങ്‌സൺ, പി.ആർ.ഒ: സി.കെ.അജയ് കുമാർ