യമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ നീട്ടിവെച്ചിരിക്കുകയാണ്. ഗോത്രതലവൻമാരുമായി നടത്തിയ ചർച്ചയിലാണ് നടപടി. വിവരം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2025 ജൂലൈ 16-ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു.
എന്നാൽ വധശിക്ഷ നീട്ടിവെച്ച തീരുമാനത്തിൽ, കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് പങ്കില്ലെന്ന് സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോം ബാസ്കരൻ പറഞ്ഞു. യെമനിൽ നടന്ന ചർച്ചകൾക്കു നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകനാണ് സാമുവൽ ജെറോം ബാസ്കരൻ.അൽ വാസബ് മേഖലയുടെ ഭരണാധികാരിയായ അബ്ദുൾ മാലിക് അൽ നെഹായ വെള്ളിയാഴ്ച യെമൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് യെമൻ സർക്കാർ വധശിക്ഷ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് സാമുവൽ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.