മുംബൈ: ബോളിവുഡ് നടനും നിർമാതാവുമായ ധീരജ്കുമാർ അന്തരിച്ചു. 80 വയസ്സ് ആയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപിക്കുകയായിരുന്നു. സിനിമയിലും ടെലിവിഷനിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അദ്ദേഹം.
1965ൽ തന്‍റെ കരിയർ ആരംഭിച്ച ധീരജ്കുമാർ സിനിമയിലും ടിവി വ്യവസായത്തിലും അറിയപ്പെടുന്ന ഒരു പേരായിരുന്നു. സുഭാഷ് ഘായ്, രാജേഷ് ഖന്ന എന്നിവർക്കൊപ്പം ഒരു ടാലന്റ് ഷോയുടെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം. പരസ്യങ്ങളിൽ മോഡലായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. വിക്സ് ആക്ഷൻ 500 ഉൾപ്പെടെയുള്ള പരസ്യങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1970 നും 1984 നും ഇടയിൽ അദ്ദേഹം 21 പഞ്ചാബി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1970ൽ പുറത്തിറങ്ങിയ ‘റാത്തോൺ കാ രാജ’ എന്ന ചിത്രത്തിലൂടെയാണ് ധീരജ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ക്രിയേറ്റീവ് ഐ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു.1977 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ സ്വാമി എന്ന ചിത്രത്തിലെ ‘കാ കരൂൻ സജ്നി, ആയേ ന ബാലമ്’ എന്ന യേശുദാസ് ആലപിച്ച ഗാനം വളരെ ശ്രദ്ധേയമാണ്. ഹീര പന്ന, ശ്രീമാൻ ശ്രീമതി തുടങ്ങിയ മറ്റ് ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1997 മുതൽ 2001 വരെ ഡി.ഡി നാഷനലിൽ സംപ്രേഷണം ചെയ്ത ഓം നമ ശിവായ എന്ന ടി.വി ഷോ അദ്ദേഹം സംവിധാനം ചെയ്തതായി റിപ്പോർട്ടുണ്ട്.