കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ എല്‍മോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച ആണ് സംഭവം നടന്നതെന്ന് എല്‍മോയുടെ ഉടമ പറഞ്ഞു. പിന്നാലെ അക്കൗണ്ടില്‍ ജൂതവിരുദ്ധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍മോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തത് ആരെന്ന് വ്യക്തമല്ല.
Elmo’s official Twitter X account was hacked. pic.twitter.com/4SzxQdiits
— ToonHive (@ToonHive) July 14, 2025
എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ് തുടങ്ങിയ അധിക്ഷേപ പോസ്റ്റുകളാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ജൂതന്മാര്‍ ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും പോസ്റ്റുകളിലൊന്നില്‍ പറയുന്നു. ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍ ട്രംപ് പുറത്തുവിടണമെന്നും അക്കൗണ്ടില്‍ വന്ന പോസ്റ്റുകളിലൊന്ന് ആവശ്യപ്പെടുന്നു.
വംശീയാധിക്ഷേവും ജൂതവിരുദ്ധ പോസ്റ്റുകളും അശ്ലീലഭാഷയും ഉപയോഗിച്ചുള്ള പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ടിന്റെ പൂര്‍ണനിയന്ത്രണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എല്‍മോയുടെ സീസെയിം വര്‍ക്ക്‌ഷോപ്പ് വക്താവ് അറിയിച്ചു.
ജെഫ്രി എപ്‌സ്‌റ്റീൻ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്ന എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ ആരോപണം അടുത്തിടെ വിവാദമായിരുന്നു. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കിവെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് ആരോപിച്ചു.
ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എഡ്വേര്‍ഡ് എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട രേഖകളില്‍ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പ്രമുഖര്‍ എപ്സ്റ്റീന്റെ കുപ്രസിദ്ധമായ ദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രചാരണകാലത്ത് എപ്‌സ്റ്റീൻ ഫയലുകളും ഇടപാടുകാരുടെ പട്ടികയും പുറത്തുവിടുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എപ്‌സ്റ്റീൻ കേസില്‍ പങ്കുള്ള ആളുകളുടെ പട്ടിക ഇല്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിന്.