തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ശ്രീരാമകൃഷ്ണാ മിഷൻ ആശുപത്രി റോഡിൽ കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ പൊതുമരാമത്ത്, ട്രാഫിക് ഉദ്യോഗസ്ഥർ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
അനധികൃത തട്ടുകടകൾ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. റോഡിന് ഒരു വശത്ത് മാത്രമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറഞ്ഞു. ഇവിടെ സ്ഥിരമായി ട്രാഫിക്പോലീസിനെ നിയോഗിച്ച് ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറി, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ (നോർത്ത്), പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്.
ശാസ്തമംഗലം ശ്രീരാമകൃഷ്ണാ മിഷൻ ആശുപത്രി റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണെന്ന് ആരോപിച്ച് ശാസ്തമംഗലം റെസിഡൻസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി രവീന്ദ്രനാഥൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ശ്രീരാമകൃഷ്ണാ ആശുപത്രി റോഡിന് സമീപമുള്ള ആശുപത്രികളിലും ലാബുകളിലും വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാകാത്തതിനാൽ ആശുപത്രി റോഡിന്റെ വശങ്ങളിൽ പാർക്ക്ചെയ്യാറുണ്ടെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഇവിടെയുള്ള അനധികൃത കച്ചവടങ്ങളും തട്ടുകടകളും നീക്കം ചെയ്യുന്നതിനായി കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. റോഡിന്റെ ഒരു വശത്ത് മാത്രമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് പരാതിക്കാർ അറിയിച്ചതോടെയാണ് കമ്മീഷൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകിയത്.