ചപ്പാത്തി ഇപ്പോൾ മലയാളികളുടെ പ്രിയ വിഭവമാണ്. ഡയറ്റ് നോക്കുന്നവർ പൊതുവെ ചപ്പാത്തി പ്രിയർ ആയിരിക്കും. മിക്ക ആളുകളും ഇത് ഉണ്ടാക്കാൻ മടിക്കുന്നത്, പെട്ടന്ന് കട്ടിയായി പോകുന്നത് കൊണ്ടാണ്. എന്നാൽ ഇനി കട്ടിയുള്ള ചപ്പാത്തി നിങ്ങൾ കഴിക്കേണ്ടി വരില്ല. നല്ല പഞ്ഞിപോലത്തെ ചപ്പാത്തി എളുപ്പത്തിൽ ചുട്ടെടുക്കാം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
ഗോതമ്പുപൊടി – 2 കപ്പ്
ചോറ്- 1 കപ്പ്
വെള്ളം – 1/2 കപ്പ്
ഉപ്പ് 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ചോറും വെള്ളവും നന്നായി അരച്ചെടുക്കുക
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 കപ്പ് ഗോതമ്പ് മാവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 1 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചോറ് അരച്ചത് ചേർക്കുക, ആദ്യം ഒരു സ്പൂൺ ഉപയോഗിച്ച് കലർത്തുക. അതിനു ശേഷം കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക.1 ടീസ്പൂൺ വെളിച്ചെണ്ണ മാവിൽ പുരട്ടുക. 30 മിനിറ്റ് മാറ്റി വയ്ക്കുക. 30 മിനിറ്റിനു ശേഷം മാവ് ഒന്നുടെ കുഴച്ച് അതിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കുക.
മൈദ മാവ് അല്ലെങ്കിൽ ഗോതമ്പ് മാവ് ഉപയോഗിച്ച് ചപ്പാത്തി പരത്തി എടുക്കുക. ചൂടുള്ള തവയിൽ ചപ്പാത്തി ഇട്ടു ചെറിയ കുമിളകൾ വരാൻ തുടങ്ങുമ്പോൾ ചപ്പാത്തി തിരിച്ചിടുക.കുമിളകൾ വലുതായി വരുമ്പോൾ, ഒരിക്കൽ കൂടി തിരിചിടുക. ചപ്പാത്തിയിലെ കുമിളകൾ വീണ്ടും വീർത്തു നല്ലപോലെ പൊങ്ങി വന്നാൽ അത് ഒരു ഹോട്ട്പോട്ടിലേക്ക് മാറ്റുക. നല്ല സോഫ്റ്റ് ചപ്പാത്തി റെഡി.