ഒഡീഷ യിലെ കോളജ് വിദ്യാർഥിനി അധ്യാപകന്റെ പീഡനത്തെ തുടർന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുജിസി. നാലംഗ കമ്മിറ്റി കേസ് അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശിപാർശകളും സമിതി നൽകും. സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ആണെന്നും പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നുമാണ് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി നൽകിയ ഉറപ്പ്. 90% പൊള്ളലേറ്റ് ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11:45യോടെയാണ് വിദ്യാർഥിനി മരണപ്പെടുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തി പെൺകുട്ടിയെയും കുടുംബത്തെയും കണ്ടിരുന്നു.
ബാലസോറിലെ കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യബൻഷി സൂരജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, BJD പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. കോളജ് പ്രിൻസിപ്പലിനെയും ആരോപണ വിധേയനായ അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
STORY HIGHLIGHT : College student’s suicide in Odisha; UGC announces inquiry