താരസംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പണം ഇന്നുമുതൽ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. ആഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്. മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം. ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
രണ്ടാഴ്ചമുന്‍പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മ സംഘടന പ്രതിരോധത്തിലായത്.