കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കീം പ്രവേശനം കോടതി തടഞ്ഞില്ല. ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു. കാര്യമായ നിയമപ്രശ്നങ്ങളില്ലെങ്കിൽ ഇക്കൊല്ലത്തെ കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിൽ ഇടപെടില്ലെന്നു സുപ്രീം കോടതി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.
പ്രോസ്പെക്ടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രോസ്പെക്ടസിൽ കേരള സർക്കാർ വരുത്തിയ മാറ്റത്തെ സംശയിക്കുന്നില്ല. എന്നാൽ, പുതിയ നയം കൊണ്ടുവരുമ്പോൾ അക്കാര്യം മുൻകൂട്ടി പ്രഖ്യാപിക്കണമായിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക സർവകലാശാലയുടെ (കെടിയു) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടിലേക്കു നീട്ടാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് തീരേണ്ടിയിരുന്ന ഓപ്ഷൻ സമയപരിധി 18നു വൈകിട്ടു 4 വരെ നീട്ടി പ്രവേശനപരീക്ഷാ കമ്മിഷണർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ പുതിയ ഉത്തരവു വന്നത്.