യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ പലവിധത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കെ ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ ഉള്‍പ്പെടെ വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ നിമിഷ പ്രിയയ്ക്ക് സഹതാപം നേടാൻ ശ്രമിക്കുകയാണ്. സത്യം മറച്ചുപിടിക്കുകയാണ് എന്നും പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് താലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരണം.
തലാല്‍ നിമിഷയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്‌തെന്നുമുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ ശരിയല്ല. കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. സഹതാപം നേടി പൊതുജന പിന്തുണ നേടാന്‍ ശ്രമിക്കുകയാണ് എന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി പറയുന്നു.
നീതി നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു. ബിബിസിയോട് നടത്തിയ ഈ പ്രതികരണവും തലാലിന്റെ സഹോദരന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നുമായിരുന്നു സഹോദരന്‍ നേരത്തെ നടത്തിയ പ്രതികരണം.
STORY HIGHLIGHT : nimishapriya-case-brother-of-murdered-talal-responce