സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും. ഈ സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾക്കടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോടും കണ്ണൂരും സ്കൂളുകൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകൾക്കടക്കം മാറ്റമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ,കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോര,തീരദേശമേഖയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് 20 വരെ വിലക്കേർപ്പെടുത്തി.