Kerala

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്, 65ൽ അധികം ആനകൾ പങ്കെടുക്കും

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ൽ അധികം ആനകൾ ആനയൂട്ടിന്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉൾപ്പടെയാണ് തയ്യാറാക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കും.

മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകുണ്ഡവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തയ്യാറാക്കിയിട്ടുണ്ട്. പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.

വിപുലമായ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. ക്ഷേത്രത്തിലേക്ക്‌ ജനങ്ങൾക്ക്‌ പ്രവേശിക്കാൻ പടിഞ്ഞാറേനടയിൽ റാമ്പ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ക്ഷേത്രത്തിനകത്ത്‌ തെക്കേ ഗോപുരനടയ്‌ക്ക്‌ സമീപം ബാരിക്കേഡ്‌ കെട്ടി അതിനകത്താണ്‌ ആനകളെ നിരത്തി നിർത്തുക.

ക്ഷേത്രം മേൽശാന്തി ചെറുമുക്ക്‌ ശ്രീരാജ്‌ നാരായണൻ നമ്പൂതിരി കുട്ടിക്കൊമ്പന്‌ ആദ്യ ഉരുള നൽകും. ആനയൂട്ട് ഒരു കോടി രൂപയ്‌ക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്. 1982ലാണ്‌ കേരളത്തിലെ ആദ്യ ആനയൂട്ട്‌ വടക്കുംനാഥനിൽ ആരംഭിച്ചത്‌. വൈകിട്ട് കൂത്തമ്പലത്തിൽ വിശേഷാൽ ഭഗവത്‌സേവയുണ്ടാകും.

Latest News