Celebrities

മധ്യസ്ഥ ചർച്ചകൾ നടന്നുവരുകയാണ്, വസ്തുതകളെ വളച്ചൊടിച്ചു; വഞ്ചനാക്കേസിൽ പ്രതികരിച്ച് നിവിൻ പോളി – nivin pauly addresses fraud allegations

നടൻ നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ നിവിൻ നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിൽ വിശദീകരണവുമായി നിവിൻ പോളി. നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെ വസ്തുതകളെ വളച്ചൊടിച്ചാണ് അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

നിവിൻ പൊളി പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം

‘ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മാധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി.’

നിവിൻപോളി നായകനും എബ്രിഡ് ഷൈൻ സംവിധായകനുമായ പുതിയ ചിത്രം ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് ഒരുകോടി 95 ലക്ഷം രൂപ പരാതിക്കാരനായ പി എസ് ഷംനസിൽ നിന്നും ഇരുവരും ചേർന്ന് തട്ടിയെടുത്തു എന്നാണ് പരാതി. തലയോലപ്പറമ്പ് പോലീസാണ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന്‌ കേസെടുത്തത്.

STORY HIGHLIGHT: nivin pauly addresses fraud allegations