വിവാദങ്ങള്‍ ഉയര്‍ത്തി ‘ജെഎസ്കെ: ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാടില്ലെന്ന് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി. ചിത്രത്തിന്റെ ആദ്യ പ്രദർശനം തൃശൂര്‍ രാഗം തിയറ്ററില്‍ കാണാൻ എത്തിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
‘ജെഎസ്‍കെ എന്ന സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിൽ വിവാദങ്ങൾ ഇല്ല. സിനിമ വലിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. ഈ സിനിമയ്ക്ക് പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിനുവേണ്ടിയുള്ള ശബ്ദം ഉയരട്ടെ എന്നാണ് ആഗ്രഹം. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്, ഇന്നത്തെ നമ്മുടെ ചുറ്റുപാടിന് വേണ്ടിയുള്ളതാവട്ടെ. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകട്ടെ. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയട്ടെ. എല്ലാവരെയും ചിന്തിപ്പിക്കുന്നതാകട്ടെ സിനിമ. ഇത് വിപ്ലവാത്മമകമാകട്ടെ.’ സുരേഷ് ഗോപി പറഞ്ഞു.
ആദ്യ ഷോ കാണാൻ സുരേഷ് ഗോപിക്കൊപ്പം മകനും നടനുമായ ഗോകുൽ സുരേഷും എത്തിയിരുന്നു. നേരത്തെ ചിത്രത്തിന് എതിരെ ഉയർന്ന സെന്‍സറിംഗ് വിവാദത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അനുപമ പരമേശ്വരനാണ് ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമേ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
STORY HIGHLIGHT: suresh gopi watches jsk movie