55-ാം വയസ്സിലും ചെറുപ്പമാണ് തെന്നിന്ത്യൻ നടൻ ആർ. മാധവൻ. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലളിതമായ ജീവിതശൈലിയാണ് തന്റെ യുവത്വത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന്റെ ചുളിവുകൾ അകറ്റാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മിതമായ അളവിൽ സൂര്യപ്രകാശം ഏൽക്കുന്നതിന് ചില ഗുണങ്ങളുണ്ടെന്ന് ജി.ക്യൂ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു. ഇത് വൈറ്റമിൻ ഡി-യുടെ അളവ് വർധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. തന്റെ ചർമം ചുളിവുകളില്ലാത്തതായി നിലനിർത്തുന്നതിൽ സൂര്യപ്രകാശം സഹായിക്കുന്നുണ്ട്. ഇളനീരും സൂര്യപ്രകാശവും സസ്യാഹാരവുമാണ് 50-കളിലും തന്നെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ അതിരാവിലെ വെയിലത്ത് ഗോൾഫ് കളിക്കാറുണ്ട്. വെയിലേറ്റ് കരുവാളിക്കുമെങ്കിലും, അത് ചർമം ചുളിവുകളില്ലാതെ സൂക്ഷിക്കാൻ സഹായിക്കുന്നു. ഫില്ലറുകളോ സൗന്ദര്യം വർധിപ്പിക്കാനുള്ള മറ്റ് വഴികളോ സ്വീകരിച്ചിട്ടില്ല. കഥാപാത്രങ്ങൾക്കായി വല്ലപ്പോഴും ഒരു ഫേഷ്യൽ ചെയ്തിട്ടുണ്ടാകാം. വെളിച്ചെണ്ണ, ഇളനീര്, സൂര്യപ്രകാശം, സസ്യാഹാരം എന്നിവയാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ’, മാധവൻ പറഞ്ഞു.
സംസ്‌കരിച്ച ഭക്ഷണങ്ങളെ അപേക്ഷിച്ച് ഉടൻ തയ്യാറാക്കിയ ഭക്ഷണങ്ങളിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നടൻ പറയുന്നു. പരിപ്പ്, ചോറ്, സബ്ജി തുടങ്ങിയ ലളിതമായ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ആരോഗ്യകരമായ ഇഷ്ടഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. വറുത്ത ഭക്ഷണങ്ങളും മദ്യവും കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.