യൂട്യൂബിലെ ട്രെന്‍ഡിങ്, ട്രെന്‍ഡിങ് നൗ പേജുകള്‍ ഒഴിവാക്കുന്നതായി അറിയിച്ച് കമ്പനി. ഇനി മുതൽ ഇവയ്ക്ക് പകരം ചാര്‍ട്‌സ് എന്ന പേരില്‍ പുതിയ സെക്ഷനാണ് അവതരിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു.
കാറ്റഗറി അടിസ്ഥാനമാക്കിയുള്ള വീഡിയോകളുടെ പട്ടികയായിരിക്കും ചാര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി യൂട്യൂബിലെ കാഴ്ചക്കാരുടെ സ്വഭാവത്തില്‍ മാറ്റം വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം.
പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ട്രെന്‍ഡിങ് എന്നതിന്റെ അര്‍ത്ഥത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് യൂട്യൂബ് പറയുന്നു.
ഒറ്റപ്പെട്ട വൈറല്‍ വീഡിയോകള്‍ എന്നതില്‍ നിന്ന് മൈക്രോ ട്രെന്‍ഡുകളും ഫാന്‍ഡങ്ങളിലേക്കും (Fandom) ശ്രദ്ധ മാറിയിരിക്കുന്നു. ഇപ്പോള്‍ റെക്കമെന്റേഷനുകള്‍, ഷോര്‍ട്‌സ്, കമന്റുകള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയിലൂടെയെല്ലാം കാഴ്ചക്കാര്‍ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിലൂടെ ട്രെന്‍ഡ്‌സ് കൂടുതല്‍ വ്യക്തിപരവും ചലനാത്മകവുമായെന്നും യൂട്യൂബ് പറയുന്നു.
ടോപ്പ് മ്യൂസിക് വീഡിയോകള്‍, ടോപ്പ് പോഡ്കാസ്റ്റ് വീഡിയോകള്‍, മൂവീ ട്രെയിലറുകള്‍ അങ്ങനെ വിവിധ വിഭാഗങ്ങളായാണ് ചാര്‍ട്ടില്‍ വീഡിയോകള്‍ ക്രമീകരിക്കുക. നിലവിലെ ട്രെന്‍ഡിങ് നൗ ലിസ്റ്റില്‍ എല്ലാ ഉള്ളടക്കങ്ങളും ഒന്നിച്ചാണ് കാണുക.
ഇതിന് പുറമെ മ്യൂസിക്, ഗെയിമിങ്, മൂവീസ് എന്നീ വിഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ന്നുവരുന്ന യൂട്യൂബര്‍മാരെ സഹായിക്കുന്നതിന് ‘ക്രിയേറ്റേഴ്‌സ് ഓണ്‍ റൈസ്’ പോലുള്ള ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുമെന്നാണ് വിവരം.
ഹൈപ്പ് എന്ന പേരില്‍ ഇഷ്ടപ്പെട്ട വീഡിയോകള്‍ക്ക് പ്രചാരം നല്‍കാന്‍ കാഴ്ചക്കാരെ സഹായിക്കുന്ന ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിഞ്ഞ് പ്രേക്ഷകരെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇന്‍സ്പിറേഷൻ ടാബും യൂട്യൂബ് സ്റ്റുഡിയോയില്‍ ലഭ്യമാണ്.