കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് കണ്ണീരോടെ വിട നൽകാൻ ഒരുങ്ങി ജൻമനാട്. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്കാരം നടക്കുക. സുജ നാട്ടിൽ എത്തുംവരെ മൃതദ്ദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും.
വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും. എബിവിപി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സർവകലാശാലകളിലെ ഭരണസ്തംഭനം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എബിവിപിയുടെ മാർച്ച്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് റിപ്പോർട്ട് സമർപ്പിക്കുക. ഇന്നലെ പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.