ഗാസ സിറ്റി: ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചർച്ചിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേൽ റൊമാനെല്ലിക്ക് ഗുരുതരമായി പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ അൽ അഹ്‌ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പുരോഹിതൻമാർ ഉൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. കുട്ടികളും 54 ഭിന്നശേഷിക്കാരും ഉൾപ്പെടെ 600 കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു പള്ളിയെന്ന് അധികൃതർ പറഞ്ഞു.
”ഇന്ന് രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലാറ്റിൻ പാത്രിയാർക്കേറ്റ് അതീവ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നും ഈ ക്രൂരമായ യുദ്ധം അവസാനിക്കാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാവില്ല.” ഹോളി ഫാമിലി പള്ളിയുടെ ഭരണച്ചുമതലയുള്ള ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് എഎഫ്പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലെ ക്രിസ്ത്യൻ പള്ളികൾക്കുനേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. ഇതേ പള്ളിക്കുനേരെ 2023 ഡിസംബറിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഉണ്ടായ മരണത്തിലും പരുക്ക് സംഭവിച്ചതിലും ലിയോ മാർപാപ്പ അതീവ ദുഃഖിതനാണെന്നും വെടിനിർത്തലിനുള്ള തന്റെ ആഹ്വാനം അദ്ദേഹം ആവർത്തിക്കുന്നുവെന്നും വത്തിക്കാൻ ഔദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ആക്രമണത്തിൽ പ്രതിഷേധം രേഖപ്പടുത്തി. സാധാരണക്കാർക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.