വാഷിങ്ടണ്‍: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ഇത് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.
ഭീകരതയെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണ് നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ടി.ആർ.എഫിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നിൽ ടി.ആർ.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. എന്നാൽ, ടി.ആർ.എഫിന് അനുകൂലിക്കുന്ന നിലപാടാണ് ഐക്യരാഷ്ടസഭയിൽ പാകിസ്താൻ സ്വീകരിച്ചിരുന്നത്. ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം പാക് അധികൃതർ നടത്തുകയും ചെയ്തു.