India

ശുഭാംശു ശുക്ല ആരോഗ്യവാനെന്ന് ഐഎസ്ആർഒ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ആരോഗ്യവാനെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിന് ബഹിരാകാശ യാത്രയ്ക്ക് ശേഷം ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളൊന്നുമില്ല എന്ന് ഇസ്രൊ സ്ഥിരീകരിച്ചു.

ഇപ്പോൾ ശുഭാംശു ശുക്ലയുടെ ആദ്യഘട്ട പരിശോധനകളും ഡീ ബ്രീഫിംഗും പൂർത്തിയായിരിക്കുകയാണ്. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിലാണ് ശുഭാംശു ഉള്ളത്.

ശുഭാംശുവിന്‍റെ കുടുംബവും, ബാക്കപ്പായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായരും ഒപ്പമുണ്ട്. ഹൂസ്റ്റണില്‍ ഐഎസ്ആർഒയുടെ ഫ്ലൈറ്റ് സ‍ർജനും നാസയിലെ വിദഗ്‌ധർക്കൊപ്പം ശുഭാംശു ശുക്ലയെ നിരീക്ഷിക്കുകയാണ്.

അതേസമയം ആക്സിയം 4 യാത്രയിലുണ്ടായിരുന്ന പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി യൂറോപ്പിലേക്ക് മടങ്ങി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജർമ്മനയിലെ ആസ്ട്രനോട്ട് പരിശീലന കേന്ദ്രത്തിലാണ് സ്ലാവോസിന്‍റെ തുടർ പരിശോധനകൾ.

മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരായിരുന്നു ആക്സിയം 4 ദൗത്യത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍.