ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ നീട്ടാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലാർ നടത്തിയ നിർണായക ഇടപെടലുകളെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് ‘അറിയില്ലെന്ന്’ ഉത്തരം നൽകിയത്. കാന്തപുരം നടത്തിയ ഇടപെടലുകളെ കുറിച്ച് അറിവുണ്ടോയെന്നാണ് മാധ്യമപ്രവർത്തകൻ വാർത്താസമ്മേളനത്തിൽ വിദേശകാര്യ വക്താവിനോട് ചോദിച്ചത്. ‘നിങ്ങളുടെ ചോദ്യത്തിൽ പറഞ്ഞിട്ടുള്ള പോലെ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് എന്റെ പക്കൽ വിവരങ്ങൾ ഒന്നുമില്ല’– എന്നാണ് വിദേശകാര്യ വക്താവ് മറുപടി നൽകിയത്.