വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാനായി കുപ്പിപ്പാലുമായി മിൽമ എത്തുന്നു. ആദ്യമായാണ് മിൽമ കവർ പാലിനൊപ്പം കുപ്പിയിലടച്ച പാൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
സ്വകാര്യകമ്പനികൾ നിലവിൽ കുപ്പിപ്പാൽ വിൽക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മിൽമയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത് എന്നാണ് വിവരം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുക. 10,000 ലിറ്റർ കുപ്പിപ്പാൽ നിത്യേന വിൽക്കാനാണ് മിൽമ ലക്ഷ്യമിടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാൽ എത്തിക്കുക.
കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം അവശേഷിക്കുന്നത് മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് വിപണനം.
56 രൂപയ്ക്കാണ് ഒരു ലിറ്റർ കവർപാൽ വിൽക്കുന്നത്. കുപ്പിപ്പാലിന് 60 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാൽ കൂടുതൽ പാൽ വിൽപ്പനയ്ക്കെത്തിക്കും.