കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ഈ വർഷം സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കേറ്റ് നൽകിയത് മതിയായ പരിശോധനകൾ നടത്താതെയാണെന്നാണ് കണ്ടെത്തൽ.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.