ഓണ്‍ലൈന്‍ ഷോപ്പിംഗ് ലോകത്തേക്ക് ChatGPT യെ എത്തിക്കാനൊരുങ്ങി ഓപ്പണ്‍എഐ. ചാറ്റ്‌ബോട്ടിനുള്ളില്‍ നിന്നുതന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു ബില്‍റ്റ്-ഇന്‍ പേയ്മെന്റ്, ചെക്ക്ഔട്ട് സംവിധാനത്തിന് വേണ്ടി കമ്പനി ശ്രമം ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
ഓരോ ഓര്‍ഡറിനും ഒരു കമ്മീഷന്‍ ഈടാക്കുന്നതിലൂടെ ഓപ്പണ്‍എഐക്ക് ഒരു പുതിയ വരുമാന മാര്‍ഗം കൂടി തുറക്കുന്നതാണ് ഈ നീക്കം.
നിലവില്‍ ചാറ്റ്ജിപിടിയില്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ക്ലിക്ക് ചെയ്യാവുന്ന ലിങ്കുകളായാണ് നല്‍കുന്നത്. ഇത് ഉപയോക്താക്കളെ റീട്ടെയില്‍ വെബ്‌സൈറ്റുകളിലേക്ക് നയിക്കും.
എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഉല്‍പ്പന്നം കണ്ടെത്തുന്നത് മുതല്‍ വാങ്ങുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉപയോക്താക്കളെ പ്ലാറ്റ്ഫോമിനുള്ളില്‍ തന്നെ നിലനിര്‍ത്താനാണ് ഓപ്പണ്‍എഐ ലക്ഷ്യമിടുന്നത്.
ഈ സംവിധാനം ഓപ്പണ്‍എഐ ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചര്‍ച്ചള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കെന്‍ഡ് സാങ്കേതികവിദ്യ നല്‍കുന്ന ഷോപ്പിഫൈ പോലുള്ള പങ്കാളികളുമായും കമ്പനി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിവരം.
സബ്‌സ്‌ക്രിപ്ഷനുകള്‍ക്കപ്പുറം വരുമാനം വര്‍ധിപ്പിക്കാനും വൈവിധ്യവത്കരണത്തിനും ഓപ്പണ്‍എഐ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇ-കൊമേഴ്സിലേക്കുള്ള ഈ മാറ്റം.