കിഴക്കന്‍ ഇറാഖിലെ ഒരു കച്ചവട കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 60 പേര്‍ മരിച്ചു. കുട്ടികള്‍ അടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ഇറാഖ് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകര്‍ 45ലേറെ പേരെ രക്ഷപ്പെടുത്തി.
വാസിത് പ്രവിശ്യയിലെ കത് എന്ന നഗരത്തിലാണ് ദുരന്തമുണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
അഞ്ച് നിലകളുള്ള കോര്‍ണിഷ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍തോതില്‍ തീപടര്‍ന്ന് പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രവര്‍ത്തനം ആരംഭിച്ച് കേവലം ഒരാഴ്‌ച മാത്രമേ ആയിട്ടുള്ളൂ. കെട്ടിടത്തില്‍ മതിയായ അഗ്നി ശമനാ സംവിധാനമില്ലാതിരുന്നത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയെന്നും കെട്ടിടത്തിലെ താമസക്കാര്‍ ആരോപിച്ചു അതേസമയം അപകടകാരണം അന്വേഷിക്കുകയാണെന്നാണ് അധികൃതരുടെ പ്രതികരണം.
തീപിടിത്തത്തില്‍ 61 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രാലയത്തിന്‍െ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പലരും പുകകൊണ്ട് ശ്വാസം മുട്ടിയാണ് മരിച്ചത്. പതിനാല് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പെര്‍ഫ്യൂമുകളും സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളും വില്‍ക്കുന്ന ഇടമാണിതെന്നും ന്യൂസ് ഏജന്‍സി പറഞ്ഞു.
അതീവ ദുഃഖകരമായ അപകടമാണ് ഇതെന്ന് അബ്‌ദുള്‍ റധ തഹാബ് പറഞ്ഞു. തന്‍റെ അയല്‍ക്കാരായ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചെന്നും അദ്ദേഹം പറഞ്ഞു.