കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടി. അതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി കൈക്കൊള്ളാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വകുപ്പിന് ചെയ്യാനുള്ളതിന്റെ പരമാവധി തന്നെ ചെയ്യും. നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെയാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ടുതന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുക.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് 2025 മെയ് 13ന് വിശദമായ ഒരു സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിരുന്നു. 2025-26 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ആ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം തലക്കെട്ട് സ്‌കൂള്‍ സുരക്ഷ എന്നതായിരുന്നു. ഇതിലെ ഒമ്പതാമത്തെ നിര്‍ദ്ദേശം ഞാന്‍ വായിക്കുന്നു. സ്‌കൂളിലേക്കുള്ള വഴി, സ്‌കൂള്‍ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളില്‍ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈന്‍, സ്റ്റേവയര്‍, സുരക്ഷാ വേലികള്‍ ഇല്ലാതെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍
മുതലായവ അപകടകരമാം വിധം കാണുകയാണെങ്കില്‍ ആയത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
ഈ സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെയും ഡയറ്റ് പ്രിന്‍സിപ്പല്‍മാരെയും ആര്‍.ഡി.ഡി. മാരെയും എ.ഡി. മാരെയും ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസര്‍മാരെയും എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെയും ജില്ലാ പ്രോജക്ട് ഓഫീസര്‍മാരെയും കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും എല്ലാ പ്രധാന അധ്യാപകരെയും എല്ലാ പ്രിന്‍സിപ്പല്‍മാരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പ്രാധാന്യം ഈ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് നല്‍കുന്ന ശുപാര്‍ശകള്‍
- അന്ന് സ്‌കൂളിന്റെ ചുമതല ഉണ്ടായിരുന്ന എ.ഇ.ഒ.യില്‍ നിന്നും ഉടന്‍ വിശദീകരണം തേടും. (സ്‌കൂള്‍ തുറന്ന സമയത്ത് കൊല്ലത്ത് ഡി.ഇ.ഒ പെന്‍ഷനായതു കാരണം കൊല്ലം എ.ഇ.ഒ. ആന്റണി പീറ്ററിനായിരുന്നു ഡി.ഇ.ഒയുടെ അധിക ചുമതല നല്‍കിയിരുന്നത്.)
- നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിച്ച് മാനേജ്മെന്റിന് നോട്ടീസ് നല്‍കും.
- നോട്ടീസിന് മാനേജ്മെന്റ് മൂന്നു ദിവസത്തിനുള്ളില്‍ മറുപടി രേഖാമൂലം നല്‍കണം.
- സ്‌കൂളിലെ പ്രധാന അധ്യാപികയെ അടിയന്തിരമായി സസ്പെന്റ് ചെയ്യണം.
- മാനേജ്മെന്റ് കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കണം.
- കെ.ഇ.ആര്‍. അധ്യായം 3 റൂള്‍ 7 പ്രകാരം മാനേജ്മെന്റിനെതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്.
- പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നല്‍കും.
- ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സു വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കി വിദ്യാഭ്യാസം നല്‍കും. (ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തില്‍ നിന്നും പ്രത്യേക ഉത്തരവ് ഇറക്കുന്നതാണ്.)
- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി. അക്കൗണ്ടില്‍ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തിരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നല്‍കും.
- സ്‌കൂളില്‍ പി.റ്റി.എ. പുനഃസംഘടിപ്പിക്കണം.
- തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പരിശോധിക്കാന്‍ വേണ്ടി ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയെ അറിയിക്കുന്നതാണ്.
CONTENT HIGH LIGHTS: Thevalakkara school tragedy: Report from the Director of Public Education received; Minister says strong action will be taken against those who do not implement the circular