കൊല്ലം തേവലക്കര വിദ്യാർഥി മിഥുൻ (13) സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ മാനേജ്മെൻ്റ് സസ്‌പെൻഡ് ചെയ്‌തില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അതു ചെയ്യും. സംഭവത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലേ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സ്‌കൂളിൻ്റെ ചുമതല ഉണ്ടായിരുന്ന എഇഒയിൽനിന്ന് ഉടൻ വിശദീകരണം തേടും. ഈ സ്‌കൂൾ തുറക്കുന്ന സമയം ഡിഇഒ പെന്‍ഷന്‍ ആയിരുന്നു. അതിനാല്‍ ഡിഇഒ യുടെ ചുമതല എഇഒ ആൻ്റണി പീറ്ററിനായിരുന്നു. ആൻ്റണി പീറ്ററിനോട് വിശദീകരണം തേടാനാണ് തീരുമാനം. സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു മാനേജ്മെൻ്റിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകും. വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ പരിധിയിലാണ് ഇതുൾപ്പെടുന്നത്. നോട്ടീസിന് മാനേജ്മെൻ്റ് മൂന്ന് ദിവസത്തിനകം മറുപടി നൽകണം.
നടപടികൾ കുഞ്ഞിൻ്റെ ജീവനെക്കാൾ വലുതല്ല. കുട്ടിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകും. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മുഖേന കുട്ടിയുടെ കുടുംബത്തിന് വീട് വെച്ചു നൽകും. ഇളയ കുട്ടിക്ക് 12 -ാം ക്ലാസ്സ് വരെ പരീക്ഷ ഫീസ് ഉൾപ്പെടെ ഒഴിവാക്കി ഉത്തരവിറക്കും. മിഥുൻ്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്തരമായി നൽകും. കൂടുതൽ നഷ്‌ടപരിഹാരം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചർച്ച ചെയ്‌തു തീരുമാനിക്കും.
സ്‌കൂളിൻ്റെ പിടിഎ പുനഃസംഘടിപ്പിക്കണം. മേൽനോട്ടം തദ്ദേശ സ്വയം ഭരണ വകുപ്പിനാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കും. ഇന്ന് കുട്ടിയുടെ വീട് സന്ദർശിക്കും. മാനേജ്മെൻ്റിനെതിരെ നടപടി എടുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംഭവത്തിൽ ഇന്നലെതന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് നൽകാന്‍ ആവശ്യപ്പെട്ട മന്ത്രി കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിരുന്നു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി ഔദ്യോഗിക പരിപാടികൾ വെട്ടിച്ചുരുക്കി ഇന്നലെ കൊല്ലത്ത് എത്തിയിരുന്നു. “ഓരോ അനുഭവവും ഓരോ പാഠമാണ്. ഇതൊന്നും നോക്കാൻ ഒരു ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും കഴിയുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് അവർ സ്കൂളിൽ ഇരിക്കുന്നത്?” മന്ത്രി ചോദിച്ചു. സുരക്ഷ ഉറപ്പാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരെന്ന് അന്വേഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊല്ലം വലിയപാടം മനുവിൻ്റെ മകനാണ് മിഥുൻ. സ്കൂളിലെ സൈക്കിൾ ഷെഡിൻ്റെ ഷീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. ഇന്ന് രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോൾ, താഴ്ന്നു കിടന്നിരുന്ന കെഎസ്ഇബി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു കുട്ടികളാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നും പറയപ്പെടുന്നു. ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.