ബെംഗളൂരുവിൽ 40 സ്വകാര്യ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. നഗരത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് വെള്ളിയാഴ്ച രാവിലെ ബോംബ് ഭീഷണി ലഭിച്ചത്. ക്ലാസ് മുറികളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശങ്ങൾ. ഡൽഹിയിലെ സ്‌കൂളുകൾക്ക് സമാനരീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
രാജരാജേശ്വരി നഗർ, കെങ്കേരി, സെൻട്രൽ, ഈസ്റ്റ് ബെംഗളൂരുവിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പോലീസ്, ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകൾ എന്നിവർ സ്്കൂളുകളിൽ പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
എം.എസ് ധോണി ഗ്ലോബൽ സ്‌കൂൾ, സെന്റ് ജെർമെയ്ൻ അക്കാദമി, ദി ബാംഗ്ലൂർ സ്‌കൂൾ, ബിഷപ്പ് കോട്ടൺ ബോയ്സ് സ്‌കൂൾ, ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂൾ, ദി ഇന്റർനാഷണൽ സ്‌കൂൾ ബാംഗ്ലൂർ (ടി.ഐ.എസ.്ബി), ഗിയർ ഇന്നൊവേറ്റീവ് സ്‌കൂൾ (നോളജ്യം അക്കാദമി), ഡി.പി.എസ് ബാംഗ്ലൂർ സൗത്ത്, ബിഎസ് ഇന്റർനാഷണൽ സ്‌കൂൾ, ബാൾഡ്വിൻ ഗേൾസ് ഹൈസ്‌കൂൾ, സെന്റ് ജോസഫ്‌സ് ഇന്ത്യൻ ഹൈസ്‌കൂൾ, സോഫിയ ഹൈസ്‌കൂൾ തുടങ്ങിയ സ്‌കൂളുകൾക്കാണ് ബോംബ്് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
റോഡ്കിൽ എന്ന് ഇമെയിൽ വിലാസത്തിൽ നിന്നാണ് എല്ലാ സ്‌കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ക്ലാസ് മുറികൾക്കുള്ളിലെ കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ ഒന്നിലധികം സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ മെയിൽ സന്ദേശമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും സ്‌ഫോടക വസ്തുക്കൾ ഇതുവരെയും എവിടെ നിന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, കർണാടകയിൽ 169 വ്യാജ ബോംബ് ഭീഷണി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 133 എണ്ണം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയ്ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ടാണ്. കർണാടക ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം സംഭവങ്ങളുടെ പേരിൽ ബെംഗളൂരുവിൽ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.