Kerala

ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി; കണ്ടെടുത്തത് തൃക്കലങ്ങോട് മേലേടത്ത് മഹാശിവ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും

മഹോദയപുരം (കൊടുങ്ങല്ലൂര്‍) കേന്ദ്രമാക്കി 9 ാം നൂറ്റാണ്ടു മുതല്‍ 12ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരില്‍ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പില്‍, മുറ്റത്ത്, പ്രദക്ഷിണ വഴിയില്‍ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയില്‍ പതിച്ചതിനാല്‍ അക്ഷരങ്ങള്‍ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തില്‍ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാമെങ്കിലും ഭരണവര്‍ഷം സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്.

കോതരവിപ്പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രത്തില്‍ ചെയ്ത ഏതോ വ്യവസ്ഥയാണ് ലിഖിതപരാമര്‍ശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളന്‍ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് കല്ലിന്റെ താഴേ ഭാഗത്ത് വ്യക്തമായി വായിച്ചെടുക്കാനാകും. കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസറായ കെ. കൃഷ്ണരാജാണ് ലിഖിതം തിരിച്ചറിഞ്ഞ് മുദ്രപ്പകര്‍പ്പ് തയ്യാറാക്കിയത്. അക്ഷരങ്ങള്‍ തേഞ്ഞുമാഞ്ഞു പോയതിനാല്‍ കൃത്യവും പൂര്‍ണ്ണവുമായ പാഠം തയ്യാറാക്കാന്‍ നന്നേ ഞെരുക്ക മാണെന്നും പെരുമാള്‍ രേഖകളില്‍ കാണുന്ന പതിവുകാര്യങ്ങളൊക്കെത്തന്നെയാണ് ഈ രേഖയിലുള്ളതെന്ന് തെളിവുള്ള വരികളെ ആധാരമാക്കി പറയാമെന്നും ലിഖിതം പരിശോധിച്ച പ്രമുഖ ലിപിപണ്ഡിതന്‍ ഡോ. എം. ആര്‍. രാഘവവാരിയര്‍ അഭിപ്രായപ്പെട്ടു. കോതരവിപ്പെരുമാളിന്റേതായി 10 ലിഖിതങ്ങളാണ് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. പതിനൊന്നാമത്തേതാണ് തൃക്കലങ്ങോടു നിന്ന് കൈവന്ന ഈ രേഖയെന്നും അദ്ദേഹം പറഞ്ഞു.

കോത രവിയുടെ പതിനഞ്ചാം വര്‍ഷത്തിലെ ചോക്കൂര്‍ ലിഖിതത്തിലാണു് മൂഴിക്കളവ്യവസ്ഥ ആദ്യം പരാമര്‍ശിക്കുന്നന്നതു്. തൃക്കലങ്ങോടു് ലിഖിതം അതിനു മുമ്പാണെങ്കില്‍ മൂഴിക്കളക്കച്ചം പരാമര്‍ശിക്കുന്ന ആദ്യത്തെ രേഖ ഇതായിരിക്കുമെന്ന് പ്രശസ്ത ചരിത്രകാരനായ ഡോ. കേശവന്‍ വെളുത്താട്ട് അഭിപ്രായപ്പെട്ടു. ഭരണ വര്‍ഷം വ്യക്തമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തീര്‍പ്പുകല്പിക്കുക സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പുരാവസ്തു വകുപ്പിലെ എക്‌സ്‌കവേഷന്‍ അസിസ്റ്റന്റ് വിമല്‍കുമാര്‍ വി.എ., ക്ഷേത്ര ക്ഷേമ സമിതിയുടെ സെക്രട്ടറിയായ ദീപേഷ് മേലേടത്ത്, മുഖ്യ രക്ഷാധികാരികളായ മോഹന്‍ലാല്‍, ജയപ്രകാശ് ബാബു, പ്രസിഡന്റ് സജീവ് കുമാര്‍ ക്ഷേത്ര തന്ത്രി ശ്രീ കക്കാട്ടില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, കഴകം ജീവനക്കാരനായ കേശവന്‍ നമ്പീശന്‍ എന്നിവരും പരിശോധനാവേളയില്‍ സന്നിഹിതരായിരുന്നു.