കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഡയപ്പറും മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ (ബിആർസി) അന്തേവാസികൾക്ക് സാനിറ്ററി പാഡും ഇനി തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകും. ഇതുസംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നു തുക വകയിരുത്തിയോ ത്രിതല പഞ്ചായത്തുകളുടെ സംയുക്‌ത പദ്ധതിയായോ ഇവർക്ക് സഹായം അനുവദിക്കാവുന്നതാണ്.
കടകളിൽ നിന്ന് വാങ്ങുന്ന ഡയപ്പറുകൾക്ക് കുറഞ്ഞത് 300 രൂപ മുതലാണ് പത്ത് എണ്ണമടങ്ങിയ ഒരു പായ്‌ക്കറ്റിന്റെ വില. കിടപ്പുരോഗികൾക്ക് മിനിമം മൂന്നു ഡയപ്പർ എങ്കിലും ദിനംപ്രതി മാറ്റണമെന്നിരിക്കെ സർക്കാരിന്റെ ഈ തീരുമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ആശ്വാസമാകും. സെറിബ്രൽ പാൾസി ബാധിച്ചവർക്ക് ഡയപ്പർ വാങ്ങി നൽകാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നേരത്തെ അനുമതി നൽകിയിട്ടുണ്ട് . പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് വാട്ടർബെഡ്, എയർബെഡ്, വീൽചെയർ, കമ്മോഡ് ചെയർ, ചെയർ കഷൻ തുടങ്ങിയവ നൽകുന്നതിനും നിലവിൽ അനുമതിയുണ്ട്.
എല്ലാ വിഭാഗം വനിതകൾക്കും 100% സബ്‌സിഡിയിൽ മെൻസ്ട്രുവൽകപ്പ് നൽകാനുള്ള പദ്ധതി 2022 മുതൽ നിലവിലുണ്ട് . എന്നാൽ ബൗദ്ധിക വെല്ലുവിളി നേരിടുന്ന എല്ലാ അന്തേവാസികൾക്കും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുവാൻ സാധിക്കില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് മെൻസ്ട്രുവൽകപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബി.ആർ.സി.കളിലെ അന്തേവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകുന്നത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും സംസ്കരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
content highlight: Health