മൃഗങ്ങളെ പാർപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഇടമാണ് മൃഗശാല. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ ഇവിടെ സംരക്ഷിക്കുകയും പരിപാലിക്കുകായും ചെയ്യുന്നു. പൊതുജനങ്ങൾക്ക് ഇവിടം സന്ദർശിക്കാനാകും. ഇനി മുതൽ മൃഗശാലയിലേക്ക് പോകുന്ന കുട്ടികളും മുതിർന്നവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മൃഗശാലകൾ ഒരിക്കലും അമ്യൂസ്മെൻ്റ് പാർക്കുകളല്ല. മൃഗശാലകളിൽ എപ്പോഴും കാണാൻ കഴിയുന്നത് സംരക്ഷിക്കപ്പെടുന്ന വന്യജീവികളെയോ വംശനാശഭീഷണി നേരിടുന്ന ജീവികളെയോ ആണ്. അതുകൊണ്ടു തന്നെ വളരെയധികം പരിചരണവും നിശ്ശബ്ദതയും ആവശ്യമുള്ളതാണ് ഇത്. അതുകൊണ്ട് തന്നെ മൃഗശാല സന്ദർശിക്കുമ്പോൾ ജൈവവൈവിധ്യത്തിൻ്റെ അദ്ഭുതങ്ങൾ മനസ്സിലാക്കുകയും മൃഗക്ഷേമത്തെ പിന്തുണയ്ക്കാനുള്ള ഒരു അവസരമായി അതിനെ കാണുകയും ചെയ്യുക. മൃഗശാലയിൽ എത്തിയാൽ എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യങ്ങൾ മനസ്സിലാക്കണം. മൃഗശാല സന്ദർശിക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
മൃഗങ്ങളും ബഹുമാനം അർഹിക്കുന്നു
മൃഗശാലകളിലെ മൃഗങ്ങൾ ഒരിക്കലും വിനോദത്തിനു വേണ്ടിയുള്ളതല്ല എന്ന കാര്യം ആദ്യമേ മനസ്സിലാക്കുക. സഹജവാസനകളും കൃത്യമായ ദിനചര്യകളും വ്യത്യസ്തമായ മാനസികാവസ്ഥകളുമുള്ള ജീവികളാണ്. മൃഗങ്ങളുടെ പരിസരത്ത് ചെന്ന് ഒച്ചയുണ്ടാക്കി അവയെ ശല്യപ്പെടുത്തുന്നതും അവയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതും ഒഴിവാക്കുക. കാരണം, ഇത് ചിലപ്പോൾ മൃഗങ്ങളെ പ്രകോപിതരും അക്രമകാരികളും ആക്കിയേക്കാം. അതുകൊണ്ടു തന്നെ നിശ്ശബ്ദതയോടെയും ക്ഷമയോടെയും മൃഗങ്ങളെ നിരീക്ഷിക്കുന്നതാണ് നല്ലത്.
ഭക്ഷണം നൽകരുത്
മൃഗശാലകളിലെ മൃഗങ്ങൾക്ക് കൃത്യമായി ആസൂത്രണം ചെയ്ത ഭക്ഷണക്രമമാണ് ഉള്ളത്. ബിസ്കറ്റും മറ്റും മാനിനും കുരങ്ങിനും എറിഞ്ഞു നൽകുന്നത് അവയുടെ ഭക്ഷണക്രമം തടസ്സപ്പെടുത്തും. ഭക്ഷണം നൽകുന്നത് അമിതമായ ആശ്രയത്വത്തെ പ്രോത്സാഹിപ്പിക്കുകയും അക്രമസ്വഭാവത്തിലേക്ക് അവയെ നയിക്കുകയും ചെയ്യും. മൃഗശാലകൾ അനുവദിക്കുന്നുണ്ടെങ്കിൽ മാത്രം ഇത്തരത്തിൽ ഭക്ഷണം നൽകുക. അതും അധികൃതർ നിർദ്ദേശിക്കുന്ന ഭക്ഷണം മാത്രം.
നിർദ്ദേശിക്കപ്പെട്ട പാതകളിലൂടെ സഞ്ചരിക്കുക
മൃഗങ്ങളുടെ സുരക്ഷയും സന്ദർശകരുടെ സുരക്ഷയും പരിഗണിച്ചാണ് ഓരോ മൃഗശാലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകർക്ക് മൃഗങ്ങളെ കാണാൻ ഒരു പാത നിശ്ചയിച്ചിട്ടുണ്ട്. അതിലൂടെ മാത്രം സഞ്ചരിക്കാൻ ശ്രമിക്കുക. നിയന്ത്രിത പ്രദേശങ്ങളിൽ പ്രവേശിക്കാതിരിക്കുക. വേലികളിൽ കയറുന്നതും ചാരി നിൽക്കുന്നതും ഒഴിവാക്കുക. ഇത്തരം പ്രവൃത്തികൾ അപകടകരമാണെന്ന് മാത്രമല്ല, അനാദരവ് കൂടിയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും നിർദ്ദേശിക്കപ്പെട്ട പാതകളിലൂടെ നടക്കുക.
ശബ്ദം കുറയ്ക്കുക
കുട്ടികളുമായി മൃഗശാല സന്ദർശിക്കുമ്പോൾ ആവേശം നിറഞ്ഞ സംസാരം സ്വാഭാവികമാണ്. എന്നാൽ, ഉച്ചത്തിലുള്ള സംസാരങ്ങൾ മൃഗങ്ങൾക്കും മറ്റ് സന്ദർശകർക്കും ശല്യമായി മാറിയേക്കാം. പാട്ട് വയ്ക്കുന്നത്, ഉച്ചത്തിൽ അലറി വിളിക്കുന്നത്, വിസിൽ ഉപയോഗിക്കുന്നത് എന്നിവ ഒഴിവാക്കുക. ശാന്തമായ അന്തരീക്ഷം മൃഗങ്ങളെ ശാന്തരായിരിക്കാൻ സഹായിക്കുന്നു.
ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കുക
മൃഗശാലകളിൽ ഫോട്ടോ എടുക്കുന്ന സമയത്ത് നിർബന്ധമായും നിങ്ങളുടെ ക്യാമറയുടെ ഫ്ലാഷ് ഓഫ് ചെയ്യുക. ഫ്ലാഷുകൾ മൃഗങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കും. ഫോണുകളും സെൽഫി സ്റ്റിക്കുകളും എവിടെയെങ്കിലും വയ്ക്കുന്നത് ഒഴിവാക്കുക. മിക്ക ഇന്ത്യൻ മൃഗശാലകളിലും ഇപ്പോൾ ഫോട്ടോ എടുക്കാനായി പ്രത്യേക സ്പോട്ടുകൾ ഉണ്ട്. മൃഗങ്ങൾക്ക് ബുദ്ധിമുട്ട് വരുത്താതെ ഫോട്ടോ എടുക്കാൻ ഇത്തരം സ്പോട്ടുകൾ സഹായിക്കും.
ശുചിത്വം പാലിക്കുക, മറ്റ് സന്ദർശകരെ പരിഗണിക്കുക
മൃഗശാല സന്ദർശിക്കുന്ന സമയത്ത് എവിടെയെങ്കിലും ഒക്കെ സ്പർശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൃഗശാല സന്ദർശിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് കൈ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്ത് കൈകൾ അണുവിമുക്തമാക്കുക. കൂടാതെ, മൃഗശാലകൾ സന്ദർശിക്കുമ്പോൾ മറ്റ് സന്ദർശകരെ കൂടി പരിഗണിക്കുക. തിരക്കുള്ള സ്ഥലങ്ങളിൽ ഒരുപാട് നേരം നിൽക്കാതിരിക്കുക. കൊച്ചുകുട്ടികളുള്ള കുടുംബങ്ങൾ, പ്രായമായവർ, വൈകല്യമുള്ളവർ എന്നിവരെ പരിഗണിക്കുക.
മാലിന്യങ്ങൾ നിക്ഷേപിക്കരുത്
ചപ്പുചവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയൊന്നും മൃഗശാലയ്ക്കുള്ളിൽ വലിച്ചെറിയരുത്. മൃഗങ്ങൾ പ്ലാസ്റ്റിക് അല്ലെങ്കിൽ കുപ്പികൾ വിഴുങ്ങുന്നത് അവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. മാലിന്യങ്ങൾ ഡസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക. കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുക. എങ്കിൽ മാത്രമേ നമ്മുടെ മൃഗശാലകൾ വൃത്തിയോടെ സംരക്ഷിക്കാൻ നമുക്ക് കഴിയുകയുള്ളൂ.