വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത് ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലാണ് ജയന്‍റ്സ് കോസ് വേ സ്ഥിതി ചെയ്യുന്നത്. വടക്കൻ അയർലണ്ടിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജയന്‍റ്സ് കോസ് വേ. ഷഡ്ഭുജ ആകൃതിയില്‍ പ്രകൃതിദത്തമായ കല്ലുകള്‍ ആണ് ഇവിടുത്തെ പ്രധാന ആകർഷണം.
നാലാമത്തെ ‘പ്രകൃതിദത്ത മഹാത്ഭുത’മായാണ് ഇത് കണക്കാക്കുന്നത്. അളവുകള്‍ കൃത്യമായി ഒത്ത 40,000ത്തോളം ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയ ഈ പ്രദേശം അയർലണ്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. 1986 ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുമുണ്ട്.
എന്താണ് ജയന്റ്‌സ് കോസ്‌വേ?
അൻപത് ദശലക്ഷം വർഷങ്ങൾക്കുമുമ്പ്, പാലിയോസീൻ യുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ നടന്ന അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി രൂപംകൊണ്ടതാണ് ഈ കൽത്തൂണുകൾ എന്നു പറയപ്പെടുന്നു. ലാവ തണുത്തുറഞ്ഞപ്പോൾ ചുരുങ്ങുകയും ഇടയ്ക്കിടെ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തു. അതിന്‍റെ ഫലമായി, ഷഡ്ഭുജാകൃതിയിലുള്ള ആയിരക്കണക്കിന് ബസാൾട്ട് സ്തംഭങ്ങൾ രൂപപ്പെട്ടുവത്രേ.
ഇവയിലേറെയും ആറുവശങ്ങളുള്ളവയാണെങ്കിലും ചിലതിന് നാല്, അഞ്ച്, ഏഴ്, എട്ട് വശങ്ങളുമുണ്ട്. ഈ കൽത്തൂണുകൾ വിവിധ ഉയരങ്ങളിൽ, കണിശതയോടെ അടുക്കിവച്ചപോലെയാണ് കാണുന്നത്. ഏകദേശം 12 മീറ്റർ വരെ ഉയരമുള്ള സ്തംഭങ്ങള്‍ ഇവിടെയുണ്ട്. കടൽത്തീരത്തുനിന്ന് ആരംഭിച്ച് കടലിലേക്ക് നീണ്ടുപോകുന്ന രീതിയിലാണ് ഇത് ഉള്ളത്.
ഐതിഹ്യവും യാഥാർഥ്യവും
ജയന്റ്സ് കോസ്‌വേയുടെ പിന്നിൽ ഒരു മനോഹരമായ ഐതിഹ്യമുണ്ട്. ഐറിഷ് ഇതിഹാസത്തിലെ ശക്തനായ പോരാളി ഫിൻ മക്കൂള്‍, സ്കോട്ട്ലൻഡിലെ തന്‍റെ എതിരാളിയായ ബെനാന്‍ഡോണറുമായി പോരാടുന്നതിനായി കടലിലൂടെ ഒരു വഴി നിർമിച്ചുവെന്നാണ് കഥ.
ഈ കഥയ്ക്ക് രണ്ടു ക്ലൈമാക്സുകള്‍ ഉണ്ട്. ഒരു കഥയില്‍ പറയുന്നത് മക്കൂള്‍ ബെനാന്‍ഡോണറിനെ തോല്‍പ്പിച്ചു എന്നാണ്. എന്നാല്‍ എതിരാളിയുടെ വലുപ്പം തന്നെക്കാള്‍ ഒരുപാട് വലുതാണെന്ന് മനസ്സിലാക്കിയ മക്കൂള്‍ ഭയചകിതനായി എന്ന് മറ്റൊരു കഥയുമുണ്ട്. അങ്ങനെ, മക്കൂളിന്‍റെ ഭാര്യയായ ഉനാഗ്, അയാളെ ഒരു കുഞ്ഞാക്കി വേഷം രൂപം മാറ്റി തൊട്ടിലില്‍ കിടത്തിയത്രേ. കുഞ്ഞിന്‍റെ വലുപ്പം കണ്ട ബെനാന്‍ഡോണര്‍ ഇങ്ങനെ ചിന്തിച്ചു, ‘കുഞ്ഞിന് ഇത്ര വലുപ്പമെങ്കില്‍ ഇവന്‍റെ പിതാവ് ഭീമന്മാരില്‍ ഭീമനായിരിക്കും’.
തുടര്‍ന്ന് മക്കൂള്‍ വരാതായപ്പോള്‍ ബെനാന്‍ഡോണര്‍ പിന്‍വാങ്ങി. ഇനിയും തന്നെ ആരും പിന്തുടര്‍ന്ന് വരാതിരിക്കാന്‍ മക്കൂള്‍ ഈ വഴി തകര്‍ക്കുകയും ചെയ്തത്രേ.
സന്ദര്‍ശനം സൗജന്യം
ജയന്‍റ്സ് കോസ്‌വേയുടെ ഭൂരിഭാഗവും നാഷണൽ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടേക്കുള്ള സന്ദര്‍ശനം സൗജന്യമാണ്. ബാക്കിയുള്ള ഭാഗം ക്രൗൺ എസ്റ്റേറ്റിന്റെയും നിരവധി സ്വകാര്യ ഭൂവുടമകളുടെയും കയ്യിലാണ്. പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ നടന്ന് കടലിന്‍റെ അറ്റത്തുള്ള ബസാൾട്ട് സ്തംഭങ്ങള്‍ക്ക് മുകളിലൂടെ സന്ദർശകർക്ക് നടക്കാം.