കേരള സർവകലാശാലയിലെ വിസി -റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ.സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ മന്ത്രി ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരെ മന്ത്രി നിലപാട് മയപ്പെടുത്തി.കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘കേരള സർവകലാശാലയിലേക്ക് വിസി തിരികെ എത്തിയത് താൻ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കും. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാൻ ശ്രമിച്ചു നോക്കട്ടെ. റജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാം’ – എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
ഇരുപത് ദിവസത്തിനു ശേഷമാണ് വിസി മോഹനൻ കുന്നുമ്മൽ ഇന്ന് ഓഫീസിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ, സർവകലാശാലാ വളപ്പിലെ മുന്നൂറോളം പോലീസുകാരുടെ സുരക്ഷാവലയത്തിലായിരുന്നു അദ്ദേഹം വന്നത്. പ്രധാന ശത്രുവായ വിസിയെ സർവകലാശാലയുടെ പടി ചവിട്ടാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നു കരുതിയായിരുന്നു പൊലീസ് കാവൽ. എന്നാൽ പ്രതിഷേധം ഉണ്ടായില്ല.കെട്ടിക്കിടന്ന ഫയലുകളിൽ വിസി ഒപ്പിട്ടു. ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
വിസി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ കെ എസ് അനിൽ കുമാറും സർവകലാശാലയിൽ എത്തി. വിസി വിലക്കിയ ഓഫീസിൽ കയറിയ അനിൽ കുമാർ അര മണിക്കൂറിനു ശേഷം മടങ്ങി.