കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്. ഫാറ്റി ലിവറിന്റെ അപകടസൂചനകളെ ഒരിക്കലും നമ്മൾ അവഗണിക്കരുത്. സിറോസിസ്, ഇൻഫ്ലമേഷൻ ഫൈബ്രോസിസ് തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കും. കടുത്ത ക്ഷിണം, തളർച്ച, വയറുവേദന, അസ്വസ്ഥത തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഫാറ്റി ലിവർ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നും ഇതിന്റെ അപകടസൂചനകളും അറിയാം. ഉപാപചയപ്രവർത്തനം, ദഹനം, പോഷകങ്ങളുടെ സംഭരണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി അഞ്ഞൂറിലധികം പ്രവർത്തനങ്ങൾ നടത്തുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരവയവമാണ് കരൾ. കരൾ ശരിയായി പ്രവർത്തിക്കാതിരുന്നാൽ അത് ശരീരത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
കടുത്ത ക്ഷീണവും തളർച്ചയും
കരൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ തുടർച്ചയായ ക്ഷീണം ഉണ്ടാകും. കരളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൊഴുപ്പ് അമിതമാകുമ്പോൾ പോഷകങ്ങളെ ഊർജമാക്കി മാറ്റാനുള്ള കഴിവു കുറയും. ഇതാണ് ക്ഷീണത്തിേലക്കും തളർച്ചയിലേക്കും നയിക്കുന്നത്.
വയറുവേദനയും അസ്വസ്ഥതയും
വയറിനുണ്ടാകുന്ന അസാധാരണമായ വേദന കരളിന്റെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റെ സൂചനയാകാം. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കരളിന്റെ വലുപ്പം കൂടി വീക്കം ഉണ്ടാകുന്ന അവസ്ഥ വരും. ഈ അവസ്ഥ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
അകാരണമായി ശരീരഭാരം കൂടുക
ശരീരഭാരം അകാരണമായി കൂടുകയും ഭാരം കുറയ്ക്കുന്നത് പ്രയാസകരമായിത്തീരുകയും ചെയ്യുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരീരത്തിന്റെ ഉപാപചയപ്രവർത്തനത്തെ പ്രത്യേകിച്ച് കൊഴുപ്പിന്റെയും പഞ്ചസാരയുടെയും സംസ്കരണത്തെ ഫാറ്റിലിവർ തടസ്സപ്പെടുത്തുന്നു. ഇതുമൂലം വളരെ പെട്ടെന്ന് ശരീരഭാരം കൂടും. എളുപ്പത്തിലൊന്നും ഈ ഭാരം കുറയ്ക്കാനും സാധിക്കില്ല.
ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം
കരൾ ശരിയായി പ്രവർത്തിക്കാതാകുമ്പോൾ മഞ്ഞപ്പിത്തത്തിന്റേതു പോലുള്ള ലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിനും കണ്ണിന്റെ വെള്ളത്തിനും മഞ്ഞനിറം വരും. കരൾ അപകടത്തിലാവുമ്പോൾ അതിന് ബിലിറൂബിനെ ശരിയായ രീതിയിൽ പ്രോസസ്സ് ചെയ്യാൻ സാധിക്കാതെ വരുകയും ഇത് ശരീരത്തിൽ അടിഞ്ഞുകൂടി മഞ്ഞപ്പിത്തം ഉണ്ടാക്കുകയും ചെയ്യും.
കാലിനും കാൽപാദങ്ങൾക്കും വീക്കം
ഫാറ്റി ലിവർ രോഗത്തിന്റെ ഒരു അപകടസൂചനയാണ് കാലിനും കാൽപാദങ്ങൾക്കും വീക്കം ഉണ്ടാകുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടുന്നതു മൂലം കരൾ ശരിയായി പ്രവർത്തിക്കാത്തതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കരളിൽ കൂടുതൽ കൊഴുപ്പുണ്ടാകുമ്പോൾ പ്രോട്ടീൻ ഉൽപാദിപ്പിക്കാനുള്ള (പ്രത്യേകിച്ച് ആൽബുമിൻ) കഴിവ് തടസ്സപ്പെടാനും ഇത് ശരീരത്തിലെ ഫ്ലൂയ്ഡിന്റെ അസന്തുലനത്തിലേക്ക് നയിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും.
മൂഡ് സ്വിങ്ങ്സ്
ഫാറ്റിലിവർ രോഗം അവസാനഘട്ടമെത്തുമ്പോഴേക്കും പ്രത്യേകിച്ച് അത് നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ സീറോസിസ് ആകുമ്പോൾ വിഷാംശങ്ങള്‍ (toxins) തലച്ചോറിൽ അടിഞ്ഞുകൂടാൻ തുടങ്ങും. ഇത് ഹെപ്പാറ്റിക് എൻസഫലോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് മൂഡ്സ്വിങ്ങ്സിനും വ്യക്തിത്വത്തിൽ മാറ്റങ്ങളുണ്ടാവാനും കാരണമാകും.