ഐഎസ്‌ആർഒയും നാസയും ചേർന്ന് വിക്ഷേപിക്കുന്ന റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റായ നിസാറിന്‍റെ (NISAR) വിക്ഷേപണം ജൂലൈ അവസാനത്തോടെ നടന്നേക്കുമെന്ന് സൂചന. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുക എന്നതാണ് നാസയുമായി ചേർന്നുള്ള ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരിക്കും നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നിസാർ ഉപഗ്രഹം വിക്ഷേപിക്കുക.
നിസാർ ദൗത്യത്തിനായുള്ള പേടകവും GSLV-F16 വിക്ഷേപണ വാഹനവും നിലവിൽ അന്തിമ പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോഞ്ചിന് മുന്നോടിയായി വിശദമായ സാങ്കേതിക അവലോകനങ്ങളും സംയോജന പ്രക്രിയകളും നടക്കേണ്ടതുണ്ട്. ഇത് പുരോഗമിച്ച് വരുകയാണ്.
ഇസ്രോയും നാസയും ഏറ്റെടുത്ത ഏറ്റവും ചെലവേറിയ ഉപഗ്രഹ പദ്ധതിയാണ് നിസാർ. 1.5 ബില്യൺ ഡോളറാണ് ഇതിന്‍റെ ചെലവ്. നാസ നിർമിച്ച എൽ ബാൻഡ്, ഇസ്രോ നിർമിച്ച എസ് ബാൻഡ് എന്നിങ്ങനെ രണ്ട് ഫ്രീക്വൻസിയിലുള്ള ഒരു ജോഡി റഡാറുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. ഇവ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തെ മുഴുവനായും സ്‌കാൻ ചെയ്യാനാകും. ഡ്യുവൽ-ഫ്രീക്വൻസി റഡാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭൗമ നിരീക്ഷണ ദൗത്യമാണിത്.