Automobile

കാറിൽ സുഗന്ധം പരത്താൻ പെർഫ്യൂമുകൾ തൂക്കുന്നവർ അറിയാൻ…

കാറിന്റെ ദുർഗന്ധം മാറ്റാൻ പെർഫ്യൂമുകൾ തൂക്കുന്നവർ ആണ് നമ്മളിൽ പലരും. ഇതിനായി വിവിധ പെർഫ്യൂമുകളും എയർ ഫ്രെഷനറുകളും ഉപയോഗിക്കാറുണ്ട്. ഇത് നല്ലതാണെങ്കിലും കാറുകളിൽ പെർഫ്യൂമുകൾ തൂക്കിയിടുന്നതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

കാറിനുള്ളില്‍ നല്ല സുഗന്ധം പരത്തുവാനായി ഇത് റിയർവ്യൂ മിററിൽ തൂക്കിയിടുന്നത് കാർ ഉടമകൾക്കിടയിലെ സ്ഥിരം കാഴ്ചയാണ്. കാർഡ് രൂപത്തിലുള്ളവയും ചെറിയ ബോട്ടിൽ രീതിയിലുള്ളവുമുണ്ട്. ഈ പെർഫ്യൂമുകൾ കാർഡ് ആണെങ്കിലും ചെറിയ കുപ്പിയാണെങ്കിലും റിയർവ്യൂ മിററിൽ തൂക്കിയിടുന്നത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തും. തൂക്കിയിട്ടിരിക്കുന്ന പെർഫ്യൂമിന്റെ വലുപ്പം, ആകൃതി, സ്ഥാനം എന്നിവയെ ആശ്രയിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവറുടെ വിൻഡ്‌ഷീൽഡിലൂടെയുള്ള കാഴ്ചയെ തടസപ്പെടുത്തും. ഇത് യാത്രയുടെ സുരക്ഷയെ അപകടത്തിലാക്കും. സുഗമമായ യാത്രയ്ക്ക് മുന്നിലുള്ള റോഡിന്റെ തടസ്സമില്ലാത്ത കാഴ്ചയ്ക്ക് മുൻഗണന നൽകേണ്ടത് ആവശ്യമാണ്.

കാറുകളിൽ തൂക്കിയിട്ടിരിക്കുന്ന പെർഫ്യൂമുകളിലും എയർ ഫ്രെഷനറുകളിലും സുഗന്ധം പരത്തുന്നതിനായി നിറച്ചിരിക്കുന്നത് ദ്രാവക അല്ലെങ്കിൽ ജെൽ രൂപത്തിലുള്ളവയാണ്. കാലക്രമേണ ഇത് പൊട്ടുവാൻ സാധ്യതയുണ്ട്. വെള്ളത്തുള്ളിയായി ലീക്കായി ഇത് ഡാഷ്‌ബോർഡിലേക്കോ കാറിന്റെ മറ്റ് ഇന്റീരിയർ ഭാഗങ്ങളിലേക്കോ ദ്രാവകം ഒഴുകുകയാണെങ്കിൽ, കാറിന്റെ ഡാഷ്ബോർഡിലും മറ്റും കേടുപാടുകൾ വരുത്തുകയോ കറപോലെ പറ്റിപിടിച്ചിരിക്കുകയും ചെയ്യും. കൂടാതെ രാസവസ്തുക്കൾ ദ്രാവകത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ കാറിന്റെ ഇന്റീരിയറിന് കേടുപാടുകൾ വരാനുള്ള സാധ്യതയും ഏറെയാണ്.

ഹാങ്ങിങ് പെർഫ്യൂമുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് കാറിന്റെ ഇന്റീരിയറിലെ വിൻഡ്‌ഷീൽഡിലും മറ്റ് പ്രതലങ്ങളിലും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. പലപ്പോഴും ഒട്ടിപ്പിടിക്കുന്ന പശപോലുള്ള ജെല്ലി സ്വഭാവമുള്ള ഈ അവശിഷ്ടം കാലക്രമേണ അടിഞ്ഞുകൂടുമ്പോൾ വൃത്തിയാക്കുന്നത് കാലക്രമേണ ഇത് ഇന്റീരിയറിന്റെ ശുചിത്വത്തെ മാത്രമല്ല, വാഹനത്തിന്റെ മൊത്തത്തിലുള്ള ഭംഗിയെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഇങ്ങനെയുള്ളവ കാറിൽ ഉപയോഗിക്കുമ്പോൾ അവ പൊട്ടിപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വെന്റ് ക്ലിപ്പുകൾ, ഡാഷ്‌ബോർഡ് സ്‌പ്രേകൾ അല്ലെങ്കിൽ പ്രത്യേകമായി നിർമിച്ച ഓട്ടോമോട്ടീവ് എയർ പ്യൂരിഫയറുകൾ പോലുള്ള സുഗന്ധം വർദ്ധിപ്പിക്കുന്നതിനുള്ളവ ഉപയോഗിക്കാം. കൂടാതെ വിപണിയിലും ഓൺലൈനിലും വിലകുറഞ്ഞ് കാണുന്ന ഹാങ്ങിങ് പെർഫ്യൂമുകൾ വാങ്ങുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ വാഹനം ശ്രദ്ധയോടെ പരിപാലിക്കാം.