ചൊവ്വയില്‍ നിന്നും ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാശില ലേലത്തിന് വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്. 24.67 കിലോഗ്രാം ഭാരമുള്ള ചൊവ്വയിലെ ഉൽക്കാശില 5.3 മില്യണ്‍ യുഎസ് ഡോളർ അതായത് ഏകദേശം 45 കോടി രൂപയിലധികം കൊടുത്താണ് ഒരു വ്യക്തി സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ വെച്ച് നടന്ന ലേലത്തില്‍ പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി NWA 16788 എന്ന് പേരിട്ട ഉല്‍ക്കാശില സ്വന്തമാക്കിയത്. ന്യൂയോര്‍ക്കിലെ സത്തബീസ് എന്ന കമ്പനിയാണ് NWA 16788 ഉല്‍ക്കാശിലയുടെ ലേലത്തിന് നേതൃത്വം കൊടുത്തത്. പതിനഞ്ച് മിനിറ്റ് നീണ്ട ആവേശകരമായ ലേലത്തില്‍ ഫോണിലൂടെയും ഓണ്‍ലൈനായും ആളുകള്‍ പങ്കെടുത്തു. ഈ മാസം ആദ്യം ഉല്‍ക്കാശില ലേലത്തിന് വെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏകദേശം 4 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 34 കോടിയിലധികം) മൂല്യം കണക്കാക്കിയിരുന്നു.
ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും കത്തിപ്പോവുകയോ സമുദ്രത്തില്‍ പതിക്കുകയോ ആണ് പതിവ്. അതുകൊണ്ട് NWA 16788-ന്റെ കണ്ടെത്തല്‍ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് സത്തബീസ് വൈസ് ചെയര്‍മാന്‍ കസാന്‍ഡ്ര ഹാറ്റണ്‍ പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ തിരിച്ചറിഞ്ഞ ഉല്‍ക്കകളില്‍ ഏറ്റവും വലിയ ഉല്‍ക്കാശില ആണ് ഇത്. 24.67 കിലോഗ്രാം ഭാരമുള്ള ഈ ശില 2021-ല്‍ മാലിയില്‍ നിന്ന് കണ്ടെത്തിയ ചൊവ്വയുടെ മറ്റൊരു ഉല്‍ക്കാശിലയേക്കാള്‍ 70 ശതമാനം വലുതാണ്. അഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപരിതലത്തില്‍ പതിച്ച ഛിന്നഗ്രഹത്തിന്റെ ആഘാതത്തില്‍ ചൊവ്വയില്‍ നിന്ന് വേര്‍പ്പെട്ട ഉല്‍ക്കാശിലയാണ് ഇത്.
ബഹിരാകാശത്തിലൂടെ 140 മില്യണ്‍ മൈല്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഈ ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചത്. ഭൂമിയില്‍ തിരിച്ചറിഞ്ഞിട്ടുള്ള ഉള്‍ക്കാശിലകളില്‍ ഏകദേശം 400 എണ്ണം മാത്രമാണ് ചൊവ്വയുടെ ഉല്‍ക്കാശില ആണ് എന്ന് കണ്ടെത്തിയത്.