Entertainment

സിനിമാട്ടോഗ്രഫി പഠിക്കാന്‍ പണം തന്നത് ദിലീപേട്ടന്‍,ക്യാമറ വാങ്ങി തന്നത് മമ്മൂക്ക; മനസ്സ് തുറന്ന് ഹരികൃഷ്ണന്‍ ലോഹിതദാസ്

മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായനുമാണ് ലോഹിതദാസ്. മലയാള സിനിമ കണ്ട പ്രതിഭാശാലിയായ ആ എഴുത്തുക്കാരന്റെ ഒരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചുവടുപിടിച്ച് മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസും സിനിമയില്‍ എത്തിക്കഴിഞ്ഞു. ധീരന്‍ എന്ന സിനിമയുടെ സിനിമാട്ടോഗ്രാഫറാണ് ഹരി. ഇപ്പോഴിതാ തനിക്ക് സിനിമാട്ടോഗ്രഫി പഠിക്കാന്‍ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നല്‍കിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലെന്നും തുറന്ന് പറയുകയാണ് ഹരി. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഹരിയുടെ വാക്കുകള്‍….

‘ഞാന്‍ സിനിമാട്ടോഗ്രഫി പഠിക്കുമ്പോള്‍ അതിന്റെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എന്റെ കയ്യിലൊരു ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസൊക്കെയും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എന്റെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല. കുറച്ച് കാശ് കൊണ്ട് തന്നാല്‍ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. അച്ഛനെ അറിഞ്ഞ് ഇവര്‍ പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരന്റെ ലൊക്കേഷനിലൊക്കെ പോയപ്പോള്‍ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്’.