സുസ്ഥിരത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച, സാമൂഹിക നീതി ഉറപ്പാക്കല്‍ തുടങ്ങിയവയിലധിഷ്ഠിതമായ ആസൂത്രിത നഗരവികസനമാകും കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2025-26 ലെ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക കേന്ദ്ര ധന സഹായത്തിനായി നഗരാസൂത്രണ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സ്‌റ്റേക്ക്‌ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃതിന്റെ സംസ്ഥാന മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
നഗരാസൂത്രണ രംഗത്ത് കേരളത്തിന് നീക്കിവച്ചിട്ടുള്ള പലിശ രഹിത വായ്പയായുള്ള കേന്ദ്രസഹായം പരമാവധി വിനിയോഗിക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.നഗര വികസന ആസൂത്രണ രംഗത്തെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ശരിയായി ആവിഷ്‌കരിച്ച പദ്ധതികള്‍ സെപ്റ്റംബറോടെ അന്തിമമായി സമര്‍പ്പിക്കാന്‍ കഴിയണം.കേന്ദ്ര ധന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതിനാല്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൃത്യമായി പദ്ധതി രേഖ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ശ്രമിക്കണം. കേരളത്തിന്റെ ഭാവി പുരോഗതി ആസൂത്രിതവും ദീര്‍ഘവീക്ഷണമുള്ളതുമായ നഗരവികസനത്തെ ആശ്രയിച്ചിരിക്കും. നാടും നഗരവും തമ്മിലുള്ള അതിരുകള്‍ ഇപ്പോള്‍ത്തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, അതിവേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം മുന്‍കൂട്ടി കണ്ടുകൊണ്ട് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നഗരവികസനം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ബന്‍ ഫണ്ട്, സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിധേയമായ സ്വകാര്യ മൂലധനം എന്നിവ സ്വീകരിച്ച് പശ്ചാത്തല സൗകര്യ വികസനത്തിലടക്കം വിനിയോഗിക്കാന്‍ നഗരസഭകള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ഒരു നഗരനയം രൂപീകരിക്കുന്നതിനായി കമ്മീഷനെ നിയോഗിച്ച സംസ്ഥാനമാണ് കേരളം. നിശ്ചിത സമയത്തിനുള്ളില്‍ കമ്മീഷന്‍ സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2500ലധികം ആളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് കണ്‍സല്‍ട്ടേഷനുകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര നഗരവികസന കോണ്‍ക്ലേവ് സംഘടിപ്പിക്കുകയാണ്. കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി, രാജ്യത്തെ നഗരവികസന മന്ത്രിമാര്‍, മറ്റ് രാജ്യങ്ങളിലെ എം പിമാര്‍, വിദേശ മേയര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ അമൃത് മിഷന്‍ ഡയറക്ടര്‍ സൂരജ് ഷാജി സ്വാഗതമാശംസിച്ചു. ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, കേന്ദ്ര ഭവന നിര്‍മാണ നഗര കാര്യ കണ്‍സള്‍ട്ടന്റ് കിഷോര്‍ അവാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രശാന്ത് എച്ച് നന്ദി രേഖപ്പെടുത്തി.