Kerala

പിണറായി ഭരണം നാടിനെ ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: കെസി വേണുഗോപാല്‍ എംപി

ആലപ്പുഴ നൂറനാട്ടെ നാലംഗ കുടുംബത്തെ പെരുവഴിയിലിറക്കിവിട്ട സിപിഎമ്മിന്റെയും കണ്ണൂര്‍ പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശീലാഫലകം നീക്കം ചെയ്ത നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നൂറനാട് അമ്മയെയും പെണ്‍മക്കളെയും വീട്ടില്‍ നിന്നിറക്കിവിട്ട സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് സിപിഎം ഒട്ടും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റെത്. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

സ്വന്തമായി ഒരു കടുകുമണിവികസനം പോലും നടത്താന്‍ ശേഷിയില്ലാതെ പോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗതികേടാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയതിലൂടെ തെളിഞ്ഞതെന്ന് വിമര്‍ശിച്ച വേണുഗോപാല്‍ എത്ര കുടിയിറക്കിയാലും മായ്ചുകളഞ്ഞാലും അങ്ങേയറ്റം നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തിവെച്ച ഫലകം കേരളത്തിന്റെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നും പറഞ്ഞു. ജനാധിപത്യവും നീതിബോധവുമുള്ള ഭരണാധികാരിയില്‍ നിന്ന് ഇന്നത്തെ ഭരണകൂടത്തിലേക്കുള്ള ദൂരമാണ് ഈ കാഴ്ചകകളെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ കുടിയൊഴിപ്പിക്കാനും കുടിയിറക്കാനും വെമ്പുന്ന പിണറായി ഭരണകൂടത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും പറഞ്ഞു.