തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന്. അമ്മ സുജ രാവിലെ 9 മണിയോടെ കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
മിഥുന്റെ മരണത്തിലെ വീഴ്ചയ്ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനധ്യാപികയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മിഥുൻ്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്. കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.