Kerala

ശബരിമലയിൽ എവിടെയൊക്കെ അയ്യപ്പ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ മറ്റു സ്ഥലങ്ങളിൽ അയ്യപ്പന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം. അന്നദാന മണ്ഡപത്തിലടക്കം വിഗ്രഹം സ്ഥാപിച്ചത്​ ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ്​ അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ്​ എസ്​. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.

ശബരിമല ക്ഷേ​ത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന്​ അവകാശപ്പെട്ട്​ ധനസമാഹരണം നടത്താൻ ലഘുലേഖയടക്കം അടിച്ചിറക്കിയ സംഭവത്തിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു.

ഈറോഡ് ലോട്ടസ് മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.ഇ.കെ.സഹദേവൻ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയെന്ന് അവകാശപ്പെട്ട് പണപ്പിരിവ് തുടങ്ങിയ സംഭവം ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർന്നാണു ഹൈക്കോടതി നടപടി.

അന്നദാന മണ്ഡപത്തിൽ എന്തിനാണ് വിഗ്രഹമെന്നു കോടതി ആരാഞ്ഞു. പലയിടത്തും വിഗ്രഹങ്ങൾ വയ്ക്കുന്നുണ്ട്. ഇത് വളരെ ഗുരുതരമായ വിഷയമാണ്. വിഗ്രഹം സ്ഥാപിക്കാൻ തന്ത്രിയുടെ അനുമതി വാങ്ങിയോയെന്നു കോടതി ചോദിച്ചു. വിഗ്രഹങ്ങൾ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്നു പരിശോധിച്ചു ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നു കോടതി നിർദേശിച്ചു.

ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനോ ഇതിന്‍റെ പേരിൽ പണം പിരിക്കാനോ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന്​ വ്യക്തമാക്കുന്ന അറിയിപ്പ് വെർച്വൽക്യു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹർജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.