കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി.
2018 ജനുവരിയില്‍ അബുദാബിയില്‍ മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധി കര്‍ത്താവായിരുന്നു. ഇവിടെ ഹര്‍ജിക്കാര്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വ്വമാണെന്ന് കരുതിയ ഹര്‍ജിക്കാര്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ടു. മത്സരാര്‍ത്ഥികളുടെ മുദ്രകള്‍ പലതും തെറ്റാണെന്നും നൃത്താധ്യാപകര്‍ക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ ഹര്‍ജിക്കാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പരാതിക്കാര്‍ അത് എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്‌തെന്നും സത്യഭാമ പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.